കോഴിക്കോട്: ശബരിമലയിലെ സ്വര്‍ണ്ണം സംരക്ഷിക്കുന്നതില്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ഗുരുതരമായ വീഴ്ച സംഭവിച്ചതായി കെ.പി.സി.സി. അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ. സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ഈ വിഷയത്തില്‍ ന്യായീകരിച്ച് മാറിനില്ക്കാന് കഴിയില്ല. അയ്യപ്പ സംഗമം പോലും പ്രഹസനമായിരുന്നു എന്ന് ഇതിലൂടെ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.
സ്വര്‍ണ്ണം നഷ്ടപ്പെടാന്‍ ഇടയായ സാഹചര്യം വിശദമായി അന്വേഷിക്കണമെന്ന് സണ്ണി ജോസഫ് ആവശ്യപ്പെട്ടു. ‘ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് ജനങ്ങളെ അണിനിരത്തി കോണ്‍ഗ്രസ് ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കും. അഖിലേന്ത്യ നേതാക്കള്‍ വരെ സമരത്തിന്റെ ഭാഗമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കള്ളന് കപ്പലില്‍ തന്നെ ഉണ്ടെന്നും ഭരണ തലത്തില്‍ ഉള്ള ദുസ്വാധീനം തട്ടിപ്പിന് കളമൊരുക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകളിലും കെ.പി.സി.സി. അധ്യക്ഷന്‍ പ്രതികരിച്ചു. ഇരട്ട വോട്ടുള്ളവര്‍ക്ക് രണ്ട് ഐഡി കാര്‍ഡുകള്‍ നല്‍കിയെന്നും, കേന്ദ്ര ഇലക്ഷന് കമ്മീഷന് നല്കിയ നമ്പറുകള്‍ പുതിയ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്നും അദ്ദേഹം ആരോപിച്ചു. ഇരട്ട വോട്ടിന് നിയമസാധുത ഉണ്ടാക്കിയെടുക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും, ഇതിനെതിരെ കോണ്‍ഗ്രസ് ശക്തമായ സമരം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവി സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ഉടന്‍ പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.