മോസ്‌കോ: ഇന്ത്യക്കെതിരായ നയതന്ത്ര നീക്കങ്ങള്‍ അമേരിക്കയ്ക്ക് തന്നെ തിരിച്ചടിയാകുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ മുന്നറിയിപ്പ് നല്‍കി. ഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ വിതരണം വെട്ടിക്കുറയ്ക്കുന്നത് ആഗോള വിപണിയില്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുകയും ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളിലാക്കുകയും ചെയ്യും. ഇത് അമേരിക്കയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വലിയ തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ഉള്‍പ്പെടെ 140-ല്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ പങ്കെടുത്ത ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു പുടിന്‍. താരിഫുകളിലൂടെ ഇന്ത്യയെ ശിക്ഷിക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങള്‍ ആഗോള ഇന്ധനവില വര്‍ദ്ധിപ്പിക്കുമെന്നും അത് അമേരിക്ക ഉള്‍പ്പെടെയുള്ള സമ്പദ്വ്യവസ്ഥയെ മന്ദഗതിയിലാക്കുമെന്നും പുടിന്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തെ ജനങ്ങള്‍ രാഷ്ട്രീയ നേതൃത്വം എടുക്കുന്ന തീരുമാനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കും. അവര്‍ ഒരിക്കലും അപമാനം സഹിക്കില്ലെന്നും പുടിന്‍ പറഞ്ഞു. റഷ്യന്‍ എണ്ണയുടെ പേരില്‍ അമേരിക്ക ഇന്ത്യയെയും മറ്റ് രാജ്യങ്ങളെയും സമ്മര്‍ദ്ദത്തിലാക്കുമ്പോള്‍, സ്വന്തം ആണവോര്‍ജ്ജ വ്യവസായത്തിനായി അമേരിക്ക റഷ്യന്‍ യുറേനിയത്തെയാണ് ഉപയോഗിക്കുന്നതെന്ന വൈരുദ്ധ്യവും പുടിന്‍ ചൂണ്ടിക്കാട്ടി. ആണവ നിലയങ്ങള്‍ ഉപയോഗിക്കുന്ന ഏറ്റവും വലിയ രാജ്യങ്ങളിലൊന്നാണ് അമേരിക്ക. അമേരിക്കയിലേക്ക് ഏറ്റവും കൂടുതല്‍ യുറേനിയം വിതരണം ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് റഷ്യ എന്ന വസ്തുതയും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.