Karur Stampede| ‘കരൂര്‍ ദുരന്തം മനുഷ്യനിര്‍മിതം, കുട്ടികളടക്കം മരിച്ചിട്ടും വിജയ് ഒളിച്ചോടി’; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി, പ്രത്യേക അന്വേഷണത്തിന് ഉത്തരവ്

Jaihind News Bureau
Friday, October 3, 2025

മധുര: തമിഴ്‌നാട്ടിലെ കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് നടനും തമിഴക വെട്രി കഴകം (TVK) നേതാവുമായ വിജയിക്കെതിരെ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ അതിരൂക്ഷ വിമര്‍ശനം. ഇതൊരു വലിയ മനുഷ്യനിര്‍മിത ദുരന്തമാണെന്നും കുട്ടികള്‍ അടക്കം 41 പേര്‍ മരിച്ചിട്ടും വിജയ് സംഭവസ്ഥലത്തുനിന്ന് ഒളിച്ചോടിയെന്നും കോടതി നിരീക്ഷിച്ചു. ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരോട് പാര്‍ട്ടി ഖേദം പോലും പ്രകടിപ്പിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

സംഭവം നടക്കുമ്പോള്‍ വിജയ് സ്ഥലത്തുനിന്ന് ‘അപ്രത്യക്ഷനായത്’ അദ്ദേഹത്തിന്റെ ‘മനഃസ്ഥിതി’യെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ജസ്റ്റിസ് സെന്തില്‍കുമാര്‍ നിരീക്ഷിച്ചു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിജയിയോട് മൃദസമീപനം കാണിക്കുകയാണെന്നും കോടതി വിമര്‍ശിച്ചു. ‘ഒരു പരിപാടിയുടെ സംഘാടകന്‍ എന്ന നിലയില്‍ നിങ്ങള്‍ക്ക് ഒരു ഉത്തരവാദിത്തവുമില്ലേ?’ എന്ന് സംഘാടകരോടും പൊലീസിനോടുമായി കോടതി ചോദിച്ചു. നിഷ്‌കളങ്കരായ 41 പേര്‍ മരിച്ച ദുരന്തത്തില്‍ കോടതിക്ക് കാഴ്ചക്കാരായി നില്‍ക്കാനാകില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കാന്‍ മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥനായ ആസ്രാ ഗാര്‍ഗിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) ഉത്തരവിട്ടു. കൂടാതെ, റാലിക്ക് ശേഷം ബസിനടിയില്‍ ഇരുചക്രവാഹനങ്ങള്‍ കുടുങ്ങിയ സംഭവം ‘ഹിറ്റ് ആന്‍ഡ് റണ്‍’ കേസ് അല്ലേയെന്ന് ചോദിച്ച കോടതി, എന്തുകൊണ്ടാണ് പൊലീസ് ഇത് രജിസ്റ്റര്‍ ചെയ്യാത്തതെന്നും ശ്രദ്ധിക്കാത്തതെന്നും ചോദിച്ചു. അതേസമയം, പാതയോരങ്ങളില്‍ റോഡ് ഷോകള്‍ക്കും റാലികള്‍ക്കും അനുമതി നല്‍കുന്നതിന് സമഗ്രമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കുന്നത് വരെ അനുമതി നല്‍കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു പൊതുതാല്‍പര്യ ഹര്‍ജിയും കോടതി പരിഗണിക്കുന്നുണ്ട്.