Karur Stampede| കരൂര്‍ ദുരന്തം: സിബിഐ അന്വേഷണ ഹര്‍ജി തള്ളി, സംഘാടകരെയും സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി

Jaihind News Bureau
Friday, October 3, 2025

 

മധുര: തമിഴ്നാട്ടിലെ കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികള്‍ മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് തള്ളി. ദേശീയ മക്കള്‍ ശക്തി കക്ഷിയുടേത് ഉള്‍പ്പെടെ രണ്ട് ഹര്‍ജികളാണ് കോടതി തള്ളിയത്.

അന്വേഷണത്തിന്റെ പ്രാരംഭ ഘട്ടമാണിതെന്നും, ഹര്‍ജിക്കാര്‍ക്ക് നഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്നും പരാതി രാഷ്ട്രീയ താല്‍പ്പര്യത്തോടെയുള്ളതാണെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ എം ദണ്ഡപാണി, എം ജോതിരാമന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഹര്‍ജികള്‍ തള്ളിയത്.

റാലി സംഘടിപ്പിച്ച നടന്‍ വിജയ്യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) പാര്‍ട്ടിക്കെതിരെ കോടതി രൂക്ഷ വിമര്‍ശനമുയര്‍ത്തി. ‘ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാതിരുന്നത് എന്തുകൊണ്ടാണ്? അച്ചടക്കമില്ലാത്തവരെ നിയന്ത്രിക്കേണ്ടേ?’ എന്ന് കോടതി ചോദിച്ചു. പ്രവര്‍ത്തകര്‍ക്ക് വെള്ളം, ശുചിമുറികള്‍, പാര്‍ക്കിങ് സൗകര്യങ്ങള്‍ എന്നിവ ഒരുക്കേണ്ടത് പാര്‍ട്ടികളുടെ കടമയാണെന്നും കോടതി അഭിപ്രായപ്പെട്ടു.

ദുരന്തത്തില്‍ തമിഴ്നാട് സര്‍ക്കാരിന്റെ ഉത്തരവാദിത്തത്തെയും കോടതി ചോദ്യം ചെയ്തു. ‘ഏതു പാര്‍ട്ടിക്കാരാണെങ്കിലും, പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനില്ലേ?’ എന്ന് ചോദിച്ച കോടതി, റാലിക്ക് എന്തടിസ്ഥാനത്തിലാണ് അനുമതി നല്‍കിയതെന്നും ആരാഞ്ഞു. റാലിക്ക് അനുമതി നല്‍കിയത് സംസ്ഥാന ഹൈവേ വകുപ്പാണോ നാഷണല്‍ ഹൈവേ അതോറിറ്റിയാണോ എന്നും കോടതി വിശദീകരണം തേടി. പൊതുജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുക എന്നത് സര്‍ക്കാരിന്റെ കടമയാണെന്നും സുരക്ഷാ സംവിധാനം ഫലപ്രദമായി പ്രവര്‍ത്തിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ, തമിഴ്നാട്ടില്‍ പാതയോരങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുയോഗങ്ങളോ റാലികളോ നടത്തുന്നതിന് പൊതു മാര്‍ഗനിര്‍ദേശം രൂപീകരിക്കുന്നത് വരെ ഒരു പാര്‍ട്ടിക്കും ഇത്തരം പരിപാടികള്‍ക്ക് അനുമതി നല്‍കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സര്‍ക്കാരിന്റെ ഈ നിര്‍ദേശം കോടതി രേഖപ്പെടുത്തിക്കൊണ്ട് കേസ് തീര്‍പ്പാക്കി.

ദുരന്തത്തില്‍ പരിക്കേറ്റ ഒരാള്‍ ധനസഹായം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചു.