നെടുമങ്ങാട്: നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഒ.പി.യില്‍ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണ് യുവതിക്ക് പരിക്ക്. ഇന്ന് രാവിലെയാണ് സംഭവം. ശാന്തിഗിരി ആനന്ദപുരം റിയാസ് മന്‍സിലില്‍ നൗഫിയ നൗഷാദിനാണ് (21) പരിക്കേറ്റത്.
നടുവേദനയെ തുടര്‍ന്ന് ചികിത്സയ്ക്കെത്തിയ മുത്തച്ഛന് ബി. ഫസലുദ്ദീനൊപ്പം ആശുപത്രിയിലെത്തിയതായിരുന്നു നൗഫിയ. ഫസലുദ്ദീനെ പി.എം.ആര്. (Physical Medicine and Rehabilitation) ഒ.പി.യില്‍ ഡോക്ടറെ കാണിക്കാന്‍ ഇരിക്കുന്നതിനിടെയാണ് മേല്‍ക്കൂരയിലെ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നു വീണത്. നൗഫിയയുടെ ഇടതുകൈയിലും മുതുകിലുമാണ് കോണ്‍ക്രീറ്റ് പാളികള്‍ പതിച്ചത്.
അപകടത്തിന് പിന്നാലെ നൗഫിയയ്ക്ക് പ്രാഥമിക ചികിത്സ നല്കി. അതേസമയം ജില്ലാ ആശുപത്രിയില്‍ എക്സ്റേ മെഷീന് പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് പുറത്തുനിന്നാണ് എക്സ്റേ എടുത്തതെന്ന് നൗഫിയ പറഞ്ഞു. ഇതിനായി 700 രൂപ ആശുപത്രിയില്‍ നിന്ന് നല്കി. അത്യാവശ്യ മരുന്നുകളും പുറത്തുനിന്നാണ് വാങ്ങിയതെന്നും യുവതി കൂട്ടിച്ചേര്‍ത്തു. സംഭവത്തെത്തുടര്‍ന്ന് നിലവില്‍ പി.എം.ആര്. ഒ.പി.യുടെ പ്രവര്‍ത്തനം ഇവിടെ നിന്നും സ്കിന്‍ ഒ.പി.യിലേക്ക് മാറ്റിയിട്ടുണ്ട്.