Maria Oommen| കേരളത്തില്‍ ഭരണമാറ്റം അനിവാര്യം: ഡോ. മരിയ ഉമ്മന്‍

Jaihind News Bureau
Thursday, October 2, 2025

പത്തനംതിട്ട: കേരളത്തില്‍ ഒരു ഭരണമാറ്റം അനിവാര്യമാണെന്നും കോണ്‍ഗ്രസുകാരി എന്ന നിലയില്‍ യു.ഡി.എഫ് അധികാരത്തില്‍ വരണമെന്ന് ആഗ്രഹിക്കുന്നതായും അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ ഡോ. മരിയ ഉമ്മന്‍. പത്തനംതിട്ട ശാസ്ത്രവേദി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി കാരുണ്യ സ്പര്‍ശവും ഗാന്ധി ജയന്തി ദിനാചരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ തന്റെ പിതാവിന്റെ പാത പിന്തുടരാനാണ് തനിക്ക് താല്‍പ്പര്യമെന്ന് ഡോ. മരിയ ഉമ്മന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടി ജനങ്ങളോട് കാണിച്ച കാരുണ്യത്തിന്റെയും കരുതലിന്റെയും നേര്‍ക്കാഴ്ച കണ്ടാണ് താന്‍ വളര്‍ന്നത്. അതുകൊണ്ടുതന്നെ, രാഷ്ട്രീയത്തേക്കാള്‍ സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കാനാണ് തനിക്ക് ഏറെ താല്‍പ്പര്യം.

‘നാം ലോകത്തില്‍ എന്തു ചെയ്യുവാന്‍ ആഗ്രഹിക്കുന്നുവോ, അതുതന്നെ ചെയ്യുക. അത്തരത്തില്‍ ഉമ്മന്‍ ചാണ്ടി കൊളുത്തിയ തിരിനാളം ഏറ്റുവാങ്ങിയതില്‍ ശാസ്ത്രവേദി അഭിനന്ദനം അര്‍ഹിക്കുന്നു,’ മരിയ ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.

ജില്ലാ പ്രസിഡന്റ് സജി കെ. സൈമണ്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ എം.എല്‍.എ. കെ. ശിവദാസന്‍ നായര്‍, മുന്‍ ഡി.സി.സി. പ്രസിഡന്റ് പി. മോഹന്‍ രാജ്, സംസ്ഥാന വൈസ് പ്രസിഡന്റ് സതീഷ് പഴകുളം, ഫാദര്‍ ഗ്രിഗറി വര്‍ഗ്ഗീസ് ഡാനിയല്‍, മേഴ്‌സി വര്‍ഗ്ഗീസ്, ആന്‍സി തോമസ്, കെ. ജി. റെജി, വിജയകുമാര്‍ അങ്ങാടിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.