ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ ദുരൂഹത ഒഴിയുന്നില്ല. സ്വര്‍ണ്ണപ്പാളി നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് മുന്‍ ദേവസ്വം ബോര്‍ഡിന്റെ നടപടികളില്‍ ദുരൂഹത വര്‍ധിക്കുകയും സര്‍ക്കാരിനെതിരെ പ്രതിപക്ഷം ആരോപണം ശക്തമാക്കുകയും ചെയ്യുകയാണ് ഒരു ഘട്ടത്തില്‍ ഇടത് സര്‍ക്കാര്‍ വഴിവിട്ട് സഹായം നല്കിയ ഉണ്ണികൃഷ്ണന് പോറ്റിക്കെതിരെയാണ് സര്‍ക്കാര്‍ ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്. എന്നാല്‍, മുന്‍പ് ഇതേ സര്‍ക്കാര്‍ തന്നെയാണ് പോറ്റിക്ക് സഹായം നല്‍കിയതെന്ന സൂചന നല്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
സര്‍ക്കാരും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് കേരള ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത മോഷണമാണ് ശബരിമലയില്‍ നടത്തിയത് എന്നും, ഇതൊരു ആസൂത്രിത കുറ്റകൃത്യമാണ് എന്നും പ്രതിപക്ഷം ആരോപിക്കുന്നു. ശബരിമലയിലെ സ്വത്തുക്കള്‍ സന്നിധാനത്തിന് പുറത്തേക്ക് കൊണ്ടുപോകരുതെന്ന ചട്ടം മറികടക്കാന്‍ ഉണ്ണികൃഷ്ണന് പോറ്റിക്ക് അവസരം ലഭിച്ചത് 2019-ലെ ദേവസ്വം ബോര്‍ഡിന്റെ പ്രത്യേക ഉത്തരവിലൂടെയാണ്. 2019 ജൂലായ് 5-ന് എ. പദ്മകുമാര്‍ നയിച്ച ബോര്‍ഡ് പുറത്തിറക്കിയ ഈ അസാധാരണ ഉത്തരവാണ് വിവാദത്തിന് ആധാരം. എന്തിനുവേണ്ടിയാണ് ചട്ടം ലംഘിച്ച് ഇത്തരമൊരു ഉത്തരവിറക്കിയതെന്ന ചോദ്യം ദുരൂഹത വര്‍ധിപ്പിക്കുന്നു. കൊണ്ടുപോയത് സ്വര്‍ണ്ണം പൂശിയ ചെമ്പ് പാളിയായിട്ടും, ഉത്തരവില്‍ ‘ചെമ്പ് പാളി’ എന്ന് മാത്രം രേഖപ്പെടുത്തുകയും ‘സ്വര്‍ണ്ണം’ എന്ന വാക്ക് മനഃപൂര്‍വം ഒഴിവാക്കുകയും ചെയ്തത് അട്ടിമറിയുടെ ഭാഗമാണോ എന്ന സംശയമുയരുന്നു. സ്വര്‍ണ്ണപ്പാളിയില്‍ നിരന്തര നിരീക്ഷണം വേണമെന്ന് ഉത്തരവുണ്ടായിട്ടും, പാളി എങ്ങോട്ട് കൊണ്ടുപോയി എന്ന് ബോര്‍ഡ് അന്വേഷിച്ചില്ല.
2019 ജൂലായ് 20-ന് സന്നിധാനത്ത് നിന്ന് മാറ്റിയ സ്വര്‍ണ്ണപ്പാളി ചെന്നൈയില്‍ എത്തിച്ചത് ഓഗസ്റ്റ് അവസാനമാണ്. ഈ ദിവസങ്ങള്‍ക്കിടയില്‍ സ്വര്‍ണ്ണപ്പാളി എവിടെയായിരുന്നു എന്നതിനെക്കുറിച്ച് ദേവസ്വം ബോര്‍ഡ് അന്വേഷിച്ചോ എന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു. ഈ വിഷയത്തില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ആരോപണ നിഴലിലാണെന്ന പ്രതിപക്ഷത്തിന്റെ വാദങ്ങള്‍ ശരിവെക്കുന്ന പല വിവരങ്ങളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ഇത്രയും ദിവസം സ്വര്‍ണപ്പാളി എവിടെയായിരുന്നു, എന്നതിനേക്കുറിച്ച് ദേവസ്വം ബോര്‍ഡ് അന്വേഷിച്ചോ എന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു.