K C Venugopal | രാഹുല്‍ ഗാന്ധിയ്‌ക്കെതിരേ വധഭീഷണി; ബിജെപി നേതാവിനെതിരേ കേന്ദ്രം നടപടിയെടുക്കുന്നില്ലെന്ന് കെ സി വേണുഗോപാല്‍

Jaihind News Bureau
Monday, September 29, 2025

 

ലോക്‌സഭാ പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധിക്കെതിരെ ബി.ജെ.പി. വക്താവ് പിന്റു മഹാദേവ് തത്സമയ ടെലിവിഷനില്‍ നടത്തിയ ‘വധ ഭീഷണി’യില്‍ ഇതുവരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധം. ഈ പ്രവൃത്തിയെ ബിജെപി പിന്തുണയ്ക്കുന്നുണ്ടോ എന്ന് അറിയണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചു. പിന്തുണയ്ക്കുന്നില്ലെങ്കില്‍ ആ വക്താവിനെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി സിആര്‍പിഎഫ് നിരവധി തവണ കത്തയച്ചിട്ടുണ്ട്. അത്തരത്തിലുള്ള ഒരു കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നുപോവുകയുമുണ്ടായി. ബിജെപി വക്താവില്‍ നിന്ന് വ്യക്തമായ ഭീഷണിയുണ്ടെന്നും ഇത് വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് കരുതുന്നതായും അദ്ദേഹം ആരോപിച്ചു. ആഭ്യന്തര മന്ത്രിയില്‍ നിന്ന് ഇതുവരെ ഒരു മറുപടിയും ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധിയ്്‌ക്കെതിരേ ബിജെപി നേതാവ് നടത്തിയ ഭീഷണിയെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ശക്തമായി അപലപിച്ചു. ഇത് കേവലം ഒരു അബദ്ധ പ്രസ്താവനയോ അതിശയോക്തിയോ അല്ലെന്നും, മറിച്ച് നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ഓരോ ഇന്ത്യക്കാരനും ഒപ്പം നില്‍ക്കുന്ന ഒരു നേതാവിനെതിരായ ആസൂത്രിതമായ വധഭീഷണിയാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

ഇത് ചെയ്യാന്‍ ബി.ജെ.പി.ക്ക് കഴിയാതെ വന്നാല്‍, പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഈ നിന്ദ്യമായ പ്രവൃത്തിയില്‍ പങ്കാളികളാണെന്ന് വിശ്വസിക്കാന്‍ രാജ്യത്തിന് എല്ലാ കാരണവുമുണ്ടാകുമെന്നും കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി. ആര്‍.എസ്.എസ്-ബി.ജെ.പി. പ്രത്യയശാസ്ത്രത്തിനെതിരായ രാഹുല്‍ ഗാന്ധിയുടെ നിര്‍ഭയമായ പോരാട്ടം അവരെ അലോസരപ്പെടുത്തിയിട്ടുണ്ടെന്നും, എന്നാല്‍ ഒരു ഭീഷണിയും അക്രമവും ഇന്ത്യയിലെ ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നതില്‍ നിന്നും ഭരണഘടനയെ സംരക്ഷിക്കുന്നതില്‍ നിന്നും അദ്ദേഹത്തെ പിന്തിരിപ്പിക്കില്ലെന്നും കോണ്‍ഗ്രസ് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. ഏത് ഭീഷണിക്കും സ്വേച്ഛാധിപത്യത്തിനും എതിരെ രാജ്യം ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.