സ്വന്തം വകുപ്പ് നടത്തിയ പരിപാടിയില്‍ നിന്നും മന്ത്രി ഗണേഷ് കുമാര്‍ ഇറങ്ങിപ്പോയി. തിരുവനന്തപുരം കനകക്കുന്നില്‍ നടന്ന വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ചടങ്ങ് ബഹിഷ്കരിച്ചാണ് മന്ത്രി ഇറങ്ങിപ്പോയത്. സംഘാടനത്തില്‍ വന്‍ വീഴ്ചയെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രി ഇറങ്ങിപ്പോയത്. പാര്‍ട്ടിക്കാരും കെഎസ്ആര്‍ടിസി ജീവനക്കാരും മാത്രമെ ചടങ്ങില്‍ എത്തിയിട്ടുള്ളൂവെന്നും പുറത്തു നിന്ന് ആരെയും പങ്കെടുപ്പിക്കാന്‍ കഴിയാതെ പോയത് സംഘാടനത്തിലെ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു. വാഹനങ്ങള്‍ അകത്തു പാര്‍ക്ക് ചെയ്താല്‍ ടൈല്‍സ് പൊട്ടും എന്ന് ഒരു ഉദ്യോഗസ്ഥന് പറഞ്ഞുവെന്നും ഇത്തരത്തില്‍ ചടങ്ങ് കൈകാര്യം ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും പറഞ്ഞാണ് അദ്ദേഹം ഇറങ്ങിപ്പോയത്.
മോട്ടോര്‍ വാഹനവകുപ്പിന്റെ 52 വാഹനങ്ങളുടെ ഫ്ലാഗ് ഓഫും എന്‍ഫോഴ്സ്മെന്റ് ആവശ്യങ്ങള്‍ക്കായുള്ള 914 ഇ-പോസ്റ്റ് മെഷീനുകളുടെ വിതരണവുമായിരുന്നു മന്ത്രി നിര്‍വഹിക്കേണ്ടത്. മന്ത്രി നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ കൃത്യമായി നടത്തിയില്ലെന്നും മോട്ടോര്‍ വാഹനവകുപ്പുമായി ബന്ധപ്പെട്ട പരിപാടിയായിട്ട് ആ വകുപ്പിലെ ഉദ്യോഗസ്ഥരെ പോലും ക്ഷണിച്ചിട്ടില്ലെന്നും ചൂണ്ടികാട്ടിയായിരുന്നു മന്ത്രി ചടങ്ങ് ബഹിഷ്കരിച്ചത്. മറ്റൊരു ദിവസത്തേക്ക് ചടങ്ങ് മാറ്റിവയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.