സ്വകാര്യ ചാനല്‍ ചര്‍ച്ചയ്ക്കിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ ബിജെപി നേതാവ് പ്രിന്റു മഹാദേവിനെതിരെ കേസെടുത്തു. പെരാമംഗലം പോലീസാണ് കെ.എസ്.യു. ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ചത്. കൊലവിളി പ്രസംഗം, കലാപാഹ്വാനം, സമൂഹത്തില്‍ വിദ്വേഷം പ്രചരിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ‘രാഹുല്‍ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട വീഴുമെന്ന്’ ആയിരുന്നു ചര്‍ച്ചയ്ക്കിടെ പ്രിന്റു മഹാദേവ് പറഞ്ഞത്.
വധഭീഷണിക്കെതിരെ കോണ്‍ഗ്രസ് ദേശീയ തലത്തില്‍ ബിജെപിക്കും ആര്‍എസ്എസിനുമെതിരെ രൂക്ഷമായ വിമര്‍ശനമുയര്‍ത്തുകയാണ്. പ്രിന്റു മഹാദേവിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.സി.സി. സംഘടന ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. ‘പ്രത്യയശാസ്ത്ര യുദ്ധത്തില്‍ പരാജയപ്പെടുന്നുവെന്ന് തോന്നുമ്പോഴാണ് വധഭീഷണി’ എന്ന് എഐസിസി വക്താവ് പവന്‍ ഖേര വിമര്‍ശിച്ചു. പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കുവേണ്ടിയുള്ള ശബ്ദത്തെ അടിച്ചമര്‍ത്താനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രിന്റു മഹാദേവിന്റെ വീട്ടിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. പ്രതിഷേധക്കാരെ പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞെങ്കിലും പ്രവര്‍ത്തകര്‍ ഇത് മറിച്ചിടാന്‍ ശ്രമിച്ചു. തുടര്‍ന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ബിജെപി നേതാവിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിക്കാന്‍ ഒരുങ്ങുകയാണ് ഡിസിസി. തിരുവനന്തപുരം മ്യൂസിയത്തില്‍ നിന്ന് രക്തസാക്ഷി മണ്ഡപത്തിലേക്ക് ഇന്ന് വൈകുന്നേരം മാര്‍ച്ച് നടത്തും. കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ, എഐസിസി പ്രതിനിധി ദീപ ദാസ് മുന്‍ഷി തുടങ്ങിയവര്‍ പങ്കെടുക്കും.