സര്‍ക്കാരിന്റെ ജനവിരുദ്ധ സ്ത്രീവിരുദ്ധ നയങ്ങള്‍ക്കെതിരെ കേരളത്തിലെ വീട്ടമ്മമാര്‍ തയ്യാറാക്കിയ കുറ്റപത്രം സമര്‍പ്പിച്ച് കൊണ്ട് മഹിളാ കോണ്‍ഗ്രസിന്റെ മഹിളാ സാഹസ് യാത്ര സെക്രട്ടറിയറ്റിനു മുന്നില്‍ സമാപിച്ചു. സമസ്ത രംഗത്തും അപകടകരമായ സ്ഥിതിയിലേക്ക് കേരളം കൂപ്പ് കുത്തിയെന്നു കുറ്റപത്രം സമര്‍പ്പിച്ച പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.സ്ത്രീപീഡന പരമ്പരകള്‍ കേരളത്തില്‍ ആവര്‍ത്തിക്കുകയാണെന്ന് കെ പി സി സി അധ്യക്ഷന്‍ അഡ്വ. സണ്ണി ജോസഫും കുറ്റപ്പെടുത്തി.
പുതിയൊരു സ്ത്രീ സമര ചരിത്രം
പിണറായി സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധ നിലപാടുകള്‍ക്കെതിരെ വനിതകളുടെ രോഷാഗ്നി ഉയര്‍ത്തിയാണ് മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ എം പി 138 ദിവസം നീണ്ടു നിന്ന പര്യടനം പൂര്‍ത്തിയാക്കിയത്. കേരളത്തിലെ അമ്മമാരുടെ കണ്ണീരിന് വിലകല്‍പ്പിക്കാത്ത സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കുവാന്‍ 1474 കേന്ദ്രങ്ങളില്‍ പര്യടനം നടത്തി കേരളത്തിലെ സ്ത്രീകളുടെയും വീട്ടമ്മമാരുടെയും പ്രശ്നങ്ങളും പ്രതിബന്ധങ്ങളും നൊമ്പരങ്ങളും നേരിട്ടറിഞ്ഞാണ് മഹിളാ കോണ്‍ഗ്രസ് കുറ്റപത്രം തയ്യാറാക്കിയത്. സമസ്ത രംഗത്തും അപകടകരമായ സ്ഥിതിയിലേക്ക് കേരളം കൂപ്പ് കുത്തിയെന്നും സര്‍ക്കാരിന്റെ ദുര്‍ഭരണത്തിന്റെ ഇരകളായി സ്ത്രീകളും കുട്ടികളുംമാറുകയാണെന്നും കുറ്റപത്രം സമര്‍പ്പിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഈ സര്‍ക്കാര്‍ ജനങ്ങളുടെയും സ്ത്രീകളുടെ മുന്നില്‍ പ്രതിക്കൂട്ടിലാണെന്നദ്ദേഹം പറഞ്ഞു.
.സ്ത്രീപീഡന പരമ്പരകള്‍ കേരളത്തില്‍ ആവര്‍ത്തിക്കുകയാണെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന കെ പി സി സി അധ്യക്ഷന്‍ അഡ്വ. സണ്ണി ജോസഫ് കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ ജനുവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള ശക്തമായ വനിതാ മുന്നേറ്റമാണ് ജാഥയിലൂടെ കാണുവാന്‍ കഴിഞ്ഞതെന്ന് ചടങ്ങില്‍ സംബന്ധിച്ച എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷിയും പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തലയും ചൂണ്ടിക്കാട്ടി. കേരളത്തിലെ അമ്മമാരുടെ ‘കണ്ണുനീരിന് വിലകല്‍പ്പിക്കാത്ത പിണറായി സര്‍ക്കാരിനെ താഴെയിറക്കുന്നതിനുള്ള സ്ത്രീ മുന്നേറ്റമായി ജാഥ മാറിയെന്ന് ജാഥാ ക്യാപ്റ്റന്‍ ജെബി മേത്തര്‍ എംപി ചൂണ്ടിക്കാട്ടി. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ശശി തരൂര്‍ എംപി . ,എംഎല്‍എമാരായ പിസി വിഷ്ണുനാഥ്, എ .പി അനില്‍കുമാര്‍, അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍ റ്റി സിദ്ദീഖ് കെപിസിസി ഡിസിസി ഭാരവാഹികള്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.
ജനുവരി നാലിന് തുടങ്ങിയ മഹിള സാഹസ് കേരളയാത്ര സംസ്ഥാനത്തെ 1474 മണ്ഡല കേന്ദ്രങ്ങളില്‍ പര്യടനം നടത്തിയാണ് പരാതികള്‍ ശേഖരിച്ചത്. സംസ്ഥാനത്തെ ഏക ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയിലും അട്ടപ്പാടിയിലും നെല്ലിയാമ്പതിയിലും പെരുമ്പളം ദ്വീപിലുമടക്കം എല്ലാ പഞ്ചായത്തുകളിലും സാഹസ് യാത്ര എത്തിച്ചേര്‍ന്ന് സ്ത്രീകളുമായി സംവദിച്ചിരുന്നു. മുപ്പതിനായിരത്തിലേറെ കിലോമീറ്ററാണ് സാഹസ് യാത്ര സഞ്ചരിച്ചത്. സംസ്ഥാന ചരിത്രത്തില്‍ ഇതാദ്യമാണ് ഇത്രയും സുദീര്‍ഘമായ ഒരു രാഷ്ട്രീയ യാത്ര നടക്കുന്നത്. സ്ത്രീവിരുദ്ധ മുഖമുള്ള പിണറായി സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും നീക്കണമെന്ന വികാരമാണ് സംസ്ഥാനത്തുടനീളമുള്ള സ്ത്രീകള്‍ രാഷ്ട്രീയ ഭേദമന്യേ പ്രകടിപ്പിച്ചതെന്നും ജെബി മേത്തര്‍ പറഞ്ഞു.
സമൂഹത്തെയും കുടുംബങ്ങളെയും ദോഷമായി ബാധിക്കുന്ന രാസലഹരി അടക്കമുള്ള ലഹരിപദാര്‍ത്ഥങ്ങള്‍ക്കെതിരായ ജനകീയ മുന്നേറ്റവും ഈ യാത്രയില്‍ സൃഷ്ടിക്കപ്പെട്ടു. എല്ലാ സ്വീകരണം കേന്ദ്രങ്ങളിലും ‘ലഹരിക്കെതിരെ അമ്മമാര്‍ പോരാളികള്‍’ എന്ന പ്ലക്കാര്‍ഡുയര്‍ത്തി ലഹരി വിരുദ്ധ പ്രതിജ്ഞ ജാഥയുടെ ഭാഗമായി നടന്നു. സ്ത്രീ പീഡനം, ലഹരി മാഫിയയുടെ താണ്ഡവം, ക്രിമിനല്‍ പോലീസ്, ലൈഫ് മിഷന് അപാകത, എസ് എഫ് ഐ ഗുണ്ടായിസം, ആരോഗ്യരംഗത്തെ പ്രശ്നങ്ങള്‍, ആശാവര്‍ക്കര്‍മാരുടെ പ്രശ്നങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങളടങ്ങുന്ന 41 ഇന കുറ്റപത്രമാണ് സമര്‍പ്പിച്ചത്