ന്യൂഡല്‍ഹി: തത്സമയ ടെലിവിഷന്‍ ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേരളത്തിലെ ബി.ജെ.പി. നേതാവ് വധഭീഷണി മുഴക്കിയ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കോണ്‍ഗ്രസ് പരാതി നല്കി. ബി.ജെ.പി.യുടെ പ്രസ്താവനയെ ശക്തമായി അപലപിച്ച കോണ്‍ഗ്രസ്, ഇത് രാഹുല്‍ ഗാന്ധിക്കെതിരെ നടക്കുന്ന വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആരോപിച്ചു.
ലോക്സഭാ പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധിക്കെതിരെ ബി.ജെ.പി. വക്താവ് പിന്റു മഹാദേവ് തത്സമയ ടെലിവിഷനില്‍ നടത്തിയ ‘അരുംകൊല ഭീഷണി’യെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ശക്തമായി അപലപിച്ചു. ഇത് കേവലം ഒരു അബദ്ധ പ്രസ്താവനയോ അതിശയോക്തിയോ അല്ലെന്നും, മറിച്ച് നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ഓരോ ഇന്ത്യക്കാരനും ഒപ്പം നില്ക്കുന്ന ഒരു നേതാവിനെതിരായ ആസൂത്രിതമായ വധഭീഷണിയാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. ഈ പ്രസ്താവന നടത്തിയ ബിജെപി വക്താവിനെതിരേ നടപടി സ്വീകരിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസിന്റെ ഔദ്യോഗിക പരാതിയും ആവശ്യങ്ങളും
നിയമവാഴ്ചയ്ക്കും ഓരോ പൗരനും സുരക്ഷ ഉറപ്പുനല്‍കുന്ന ഭരണഘടനയ്ക്കും ജനാധിപത്യത്തിനും നേരെയുള്ള നേരിട്ടുള്ള ആക്രമണമാണിതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വിവിധ സന്ദര്‍ഭങ്ങളില്‍ രാഹുല്‍ ഗാന്ധിക്ക് ലഭിച്ച നിരവധി ഭീഷണികളില്‍ ഏറ്റവും പുതിയതാണിതെന്നും, ഇത് ബി.ജെ.പി.യുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതായും പരാതിയില്‍ പറയുന്നു:
ഇത് ജനങ്ങളുടെ നേതാവായ രാഹുല്‍ ഗാന്ധിക്കെതിരെ നടക്കുന്ന ഒരു വലിയ, ദുരൂഹമായ ഗൂഢാലോചനയാണോ?
കുറ്റകൃത്യം, ഭീഷണി, അക്രമം, വധഭീഷണികള്‍ എന്നിവയുടെ രാഷ്ട്രീയത്തെ ബി.ജെ.പി. അംഗീകരിക്കുന്നുണ്ടോ?
ഭരണഘടനാപരമായ പദവിയായ പ്രതിപക്ഷ നേതാവിനും, ബി.ജെ.പി.യുടെ കെടുകാര്യസ്ഥതക്കെതിരെ ശബ്ദമുയര്‍ത്തുന്ന മറ്റ് പ്രതിപക്ഷ നേതാക്കള്‍ക്കുമെതിരെ അക്രമം സാധാരണവല്‍ക്കരിക്കാന്‍ ബി.ജെ.പി. ശ്രമിക്കുകയാണോ?
സംഭവത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും രാജ്യവും താഴെ പറയുന്ന ആവശ്യങ്ങള്‍ ഉന്നയിച്ചു:
പിന്റു മഹാദേവിനെതിരെ സംസ്ഥാന പോലീസ് അടിയന്തിരവും മാതൃകാപരവുമായ നടപടി സ്വീകരിക്കണം.
ബി.ജെ.പി. നേതൃത്വം ഈ പ്രസ്താവനയെ പരസ്യമായി അപലപിക്കുകയും മാപ്പ് പറയുകയും ചെയ്യണം.
ഇത് ചെയ്യാന്‍ ബി.ജെ.പി.ക്ക് കഴിയാതെ വന്നാല്‍, പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഈ നിന്ദ്യമായ പ്രവൃത്തിയില്‍ പങ്കാളികളാണെന്ന് വിശ്വസിക്കാന്‍ രാജ്യത്തിന് എല്ലാ കാരണവുമുണ്ടാകുമെന്നും കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്കി. ആര്.എസ്.എസ്-ബി.ജെ.പി. പ്രത്യയശാസ്ത്രത്തിനെതിരായ രാഹുല്‍ ഗാന്ധിയുടെ നിര്‍ഭയമായ പോരാട്ടം അവരെ അലോസരപ്പെടുത്തിയിട്ടുണ്ടെന്നും, എന്നാല്‍ ഒരു ഭീഷണിയും അക്രമവും ഇന്ത്യയിലെ ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നതില്‍ നിന്നും ഭരണഘടനയെ സംരക്ഷിക്കുന്നതില്‍ നിന്നും അദ്ദേഹത്തെ പിന്തിരിപ്പിക്കില്ലെന്നും കോണ്‍ഗ്രസ് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. ഏത് ഭീഷണിക്കും സ്വേച്ഛാധിപത്യത്തിനും എതിരെ രാജ്യം ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.
ഇന്ത്യയുടെ പ്രത്യയശാസ്ത്രത്തെ പരാജയപ്പെടുത്താന്‍ കഴിയാതെ വരുമ്പോഴെല്ലാം ‘ആര്.എസ്.എസിന്റെ അനുയായികള്‍ മറ്റുള്ളവരുടെ ശാരീരിക അക്രമങ്ങളിലേക്ക് തിരിയുന്നു. ഗാന്ധിജിയെ ഗോഡ്സെ വെടിവച്ചു കൊന്നത് പോലെ. ഇപ്പോള്‍ ബി.ജെ.പി.ക്ക് പ്രത്യയശാസ്ത്രപരമായ പോരാട്ടത്തില്‍ തോല്‍വി സംഭവിക്കുമ്പോള്‍, അവരുടെ വക്താക്കളും നേതാക്കളും രാഹുല്‍ ഗാന്ധിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയാണ്,’ AICC വക്താവ് പവന് ഖേര പറഞ്ഞു. ദശലക്ഷക്കണക്കിന് ദരിദ്രരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ദുര്‍ബല വിഭാഗങ്ങളുടെയും ശബ്ദം ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.