Alappuzha DYFI| അണികള്‍ എത്തിയില്ല; ആലപ്പുഴയില്‍ ഡിവൈഎഫ്‌ഐ സമ്മേളനം മുടങ്ങി; നേതൃത്വത്തോടുള്ള എതിര്‍പ്പെന്ന് സൂചന

Jaihind News Bureau
Monday, September 29, 2025

പ്രതിനിധികളും പ്രവര്‍ത്തകരും എത്താത്തതിനെ തുടര്‍ന്ന് ആലപ്പുഴയില്‍ നടക്കേണ്ട ഡി.വൈ.എഫ്.ഐ മേഖല സമ്മേളനം നടത്താതെ പിരിച്ചുവിട്ടു. സി.പി.എം. – ഡി.വൈ.എഫ്.ഐ. ശക്തികേന്ദ്രമായ പുന്നപ്രയിലാണ് മേഖല സമ്മേളനം മുടങ്ങിയത്.

സമ്മേളനത്തിനായി 80 പ്രതിനിധികള്‍ എത്തേണ്ടിയിരുന്ന സ്ഥാനത്ത് കേവലം 20 പേര്‍ മാത്രമാണ് പങ്കെടുത്തത്. ആളില്ലാത്തതിനെ തുടര്‍ന്ന് ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി ജയിംസ് സാമുവല്‍ അടക്കമുള്ള നേതാക്കള്‍ മടങ്ങിപ്പോയി. സ്വാഗത സംഘം രൂപീകരിച്ച് ആഴ്ചകളായി പ്രവര്‍ത്തിച്ചിട്ടും ഭൂരിഭാഗം പ്രതിനിധികളും വിട്ടുനിന്നത് നേതൃത്വത്തിന് കനത്ത തിരിച്ചടിയായി.

പ്രാദേശിക സി.പി.എം. – ഡി.വൈ.എഫ്.ഐ. നേതൃത്വത്തോടുള്ള പ്രവര്‍ത്തകരുടെ എതിര്‍പ്പാണ് സമ്മേളനം പൊളിയാന്‍ പ്രധാന കാരണം. പലയിടത്തും യൂണിറ്റ് സമ്മേളനങ്ങള്‍ നടത്താതെയാണ് മേഖല സമ്മേളനങ്ങള്‍ നടത്തിയതെന്നും യൂണിറ്റ് സമ്മേളനങ്ങള്‍ പൂര്‍ത്തിയാകാത്തതും ഒരു വിഭാഗത്തെ പ്രതിനിധികളായി ഉള്‍പ്പെടുത്താത്തതുമാണ് സമ്മേളനം വേണ്ടെന്നു വച്ചതിന് ഔദ്യോഗികമായി നല്‍കുന്ന വിശദീകരണം.