അമേരിക്കയിലെ മിഷിഗണില്‍ ഉണ്ടായ വെടിവെയ്പ്പില്‍ നാല് മരണം. മിഷിഗണിലെ നോര്‍ത്ത് ഡിട്രോയിറ്റില്‍ നിന്ന് ഏകദേശം 80 കിലോമീറ്റര്‍ അകലെയുള്ള ഗ്രാന്‍ഡ് ബ്ലാങ്ക് ടൗണ്‍ഷിപ്പിലെ പള്ളിയിലാണ് വെടിവെയ്പ്പുണ്ടായത്. സംഭവത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന് ശേഷം പള്ളിക്ക് തീയിട്ട അക്രമി, പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
ഞായറാഴ്ച രാവിലെ പ്രാദേശിക സമയം 10:25 ഓടെയാണ് ചര്‍ച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റര്‍-ഡേ സെയിന്റ്‌സ് (മോര്‍മോണ്‍ ചര്‍ച്ച്) എന്നറിയപ്പെടുന്ന പള്ളിയില്‍ വെടിവെയ്പ്പുണ്ടായത്. ആരാധന നടക്കുന്ന സമയത്ത്, 40 വയസ്സുകാരനായ തോമസ് ജേക്കബ് സാന്‍ഫോര്‍ഡ് എന്ന മുന്‍ യു.എസ്. മറൈന്‍, തന്റെ പിക്കപ്പ് ട്രക്ക് പള്ളിയുടെ മുന്‍വാതിലുകള്‍ തകര്‍ത്ത് അകത്തേക്ക് ഓടിച്ചു കയറ്റുകയായിരുന്നു.
വാഹനത്തില്‍ നിന്നിറങ്ങിയ ഉടന്‍ തന്നെ ഇയാള്‍ നൂറുകണക്കിന് വിശ്വാസികള്‍ക്ക് നേരെ വെടിയുതിര്‍ത്തു. വെടിവെപ്പിന് പിന്നാലെ അക്രമി പള്ളിക്ക് തീയിട്ടു. തീ പടര്‍ന്നതോടെ പള്ളിയില്‍ നിന്ന് കനത്ത പുകയും തീജ്വാലകളും ഉയര്‍ന്നു.
സംഭവസ്ഥലത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ വെടിവെപ്പിലാണ് അക്രമി തോമസ് ജേക്കബ് സാന്‍ഫോര്‍ഡ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റവരെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. തീ പൂര്‍ണ്ണമായും അണച്ച ശേഷം, പള്ളിയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ സാധ്യതയുണ്ടെന്ന് പൊലീസ് മേധാവി വില്യം റെനിയെ അറിയിച്ചു.
സംഭവസ്ഥലത്ത് നിന്ന് കൂടുതല്‍ സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ എഫ്.ബി.ഐ. (FBI) അന്വേഷണം ഏറ്റെടുത്തു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ആരാധനാലയങ്ങളില്‍ നടക്കുന്ന ഈ അതിക്രമത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ളവര്‍ ശക്തമായി അപലപിച്ചു.