Karur Stampede| കരൂര്‍ ദുരന്തം: വിജയ്ക്കും ഡി.എം.കെ. സര്‍ക്കാരിനും ഇന്ന് നിര്‍ണ്ണായകം; ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

Jaihind News Bureau
Monday, September 29, 2025

കരൂരില്‍ തമിഴക വെട്രി കഴകം (ടി.വി.കെ.) റാലിക്കിടെയുണ്ടായ ആള്‍ക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട് ടി.വി.കെ. അധ്യക്ഷനും സൂപ്പര്‍ താരവുമായ വിജയ്ക്കും ഡി.എം.കെ. സര്‍ക്കാരിനും ഇന്ന് നിര്‍ണ്ണായക ദിനം. ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണം സ്വതന്ത്ര ഏജന്‍സിക്ക് കൈമാറണമെന്ന ടി.വി.കെ.യുടെ തന്നെ ഹര്‍ജി ഇന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് പരിഗണിക്കും.

ദുരന്തത്തില്‍ 40 പേരുടെ ജീവനാണ് പൊലിഞ്ഞത്. ചികിത്സയിലുള്ള നൂറിലേറെ പേരില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട എല്ലാ സി.സി.ടി.വി. ദൃശ്യങ്ങളും സംരക്ഷിക്കാന്‍ നടപടി വേണമെന്നും അന്വേഷണം സ്വതന്ത്ര ഏജന്‍സിക്ക് കൈമാറണമെന്നുമാണ് ടി.വി.കെ. ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്നത്തെ കോടതി നടപടികളില്‍ വിജയ്ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള പരാമര്‍ശങ്ങളോ വിമര്‍ശനങ്ങളോ ഉണ്ടായാല്‍ ഡി.എം.കെ. സര്‍ക്കാര്‍ സ്വീകരിക്കുന്ന തുടര്‍നടപടികളിലാണ് രാഷ്ട്രീയ നിരീക്ഷകരുടെ ആകാംക്ഷ. ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിച്ചതോടെ സര്‍ക്കാര്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ്.

ടി.വി.കെ. കരൂര്‍ റാലി ദുരന്തം നടന്ന് ഒരു ദിവസം പിന്നിട്ടിട്ടും ടി.വി.കെ. അധ്യക്ഷന്‍ വിജയ് മൗനം തുടരുന്നത് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. തന്നെ കാണാനും കേള്‍ക്കാനും എത്തിയവര്‍ പിടഞ്ഞുവീഴുന്നത് കണ്ടിട്ടും അപകടസ്ഥലത്ത് നിന്ന് അതിവേഗം സ്വന്തം വീട്ടിലേക്ക് മടങ്ങിയ നടപടിയാണ് പ്രധാനമായും ചോദ്യം ചെയ്യപ്പെടുന്നത്.

അതേസമയം, സംഭവത്തില്‍ ടി.വി.കെ.യുടെ മൂന്ന് നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ടി.വി.കെ. സംസ്ഥാന ജനറല്‍ സെക്രട്ടറി ബുസി ആനന്ദ്, ജോയിന്റ് സെക്രട്ടറി സി.ടി. നിര്‍മല്‍ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് ഏറ്റവും ഒടുവിലായി കേസെടുത്തത്. നേരത്തെ ടി.വി.കെ. കരൂര്‍ സെക്രട്ടറിക്കെതിരെയും കേസെടുത്തിരുന്നു.

മനപ്പൂര്‍വമല്ലാത്ത നരഹത്യ (IPC 304), മറ്റുള്ളവരുടെ ജീവന്‍ അപായപ്പെടുത്തുക, കുറ്റകരമായ നരഹത്യയ്ക്കുള്ള ശ്രമം തുടങ്ങിയ ഗുരുതരമായ വകുപ്പുകള്‍ പ്രകാരമാണ് സംസ്ഥാന നേതാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. എന്നാല്‍, കേസിന്റെ ഗൗരവം വര്‍ദ്ധിച്ചിട്ടും വിജയ്ക്കെതിരെ തിടുക്കത്തില്‍ നടപടി വേണ്ട എന്ന നിലപാടാണ് ഡി.എം.കെ. നേതൃത്വത്തില്‍ നിലനില്‍ക്കുന്ന ധാരണ.