ഇന്ത്യ-പാകിസ്ഥാന്‍ ഏഷ്യാ കപ്പ് ഫൈനലിന് ശേഷം ട്രോഫി ഏറ്റുവാങ്ങാതെ വിജയികളായ ഇന്ത്യന്‍ ടീം. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പി.സി.ബി.) ചെയര്‍മാന്‍ കൂടിയായ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എ.സി.സി.) പ്രസിഡന്റ് മോഹ്സിന്‍ നഖ്വിയില്‍ നിന്ന് ട്രോഫി സ്വീകരിക്കാന്‍ ഇന്ത്യന്‍ ടീം വിസമ്മതിച്ചു.
ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെയും, ഓപ്പണര്‍ അഭിഷേക് ശര്‍മ്മയുടെയും ടൂര്‍ണമെന്റിലെ പ്രകടനങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ ടീം സ്വീകരിച്ചത്. മത്സരത്തിലെ താരമായ തിലക് വര്‍മ്മ പുരസ്‌കാരം ഏറ്റുവാങ്ങിയെങ്കിലും, ടീം മുഴുവനായും ട്രോഫി സ്വീകരിക്കാനായി സ്റ്റേജിലേക്ക് വന്നില്ല. പാകിസ്ഥാന്‍ ടീം റണ്ണറപ്പ് മെഡലുകള്‍ ഏറ്റുവാങ്ങുന്ന സമയത്ത് സ്റ്റേഡിയത്തില്‍ ആരാധകരുടെ ഭാഗത്തുനിന്ന് കൂവലുകള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
ഇന്ത്യന്‍ ടീം ട്രോഫി സ്വീകരിക്കാന്‍ വിസമ്മതിച്ചതോടെ, സംഘാടകരില്‍ ഒരാള്‍ എ.സി.സി. പ്രസിഡന്റിന്റെ അടുത്ത് വെച്ചിരുന്ന ഏഷ്യാ കപ്പ് ട്രോഫി വേദിയില്‍ നിന്ന് എടുത്തുമാറ്റി. ഇന്ത്യന്‍ ടീം ട്രോഫി സ്വീകരിക്കില്ലെന്ന് ഉറപ്പായതോടെ സമ്മാനദാന ചടങ്ങ് വെട്ടിച്ചുരുക്കി അവസാനിപ്പിക്കുകയായിരുന്നു.
വിവാദങ്ങള്‍ക്കിടയിലും ഇന്ത്യന്‍ താരങ്ങള്‍ ടീം ഹഡില്‍ ചെയ്ത് ഗ്രൗണ്ടില്‍ വിജയം ആഘോഷിച്ചു. ട്രോഫി സ്വീകരിക്കാത്തതിനെക്കുറിച്ച് മത്സരശേഷം സംസാരിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് തന്റെ അതൃപ്തി രേഖപ്പെടുത്തി. ‘വിജയികളായ ഒരു ടീമിന് അവര്‍ അര്‍ഹിക്കുന്ന ട്രോഫി നിഷേധിക്കപ്പെടുന്നത് എന്റെ കരിയറില്‍ ഞാന്‍ ആദ്യമായി കാണുകയാണ്. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം എന്റെ കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫുമാണ് യഥാര്‍ത്ഥ ട്രോഫി,’ അദ്ദേഹം പറഞ്ഞു.
നേരത്തെ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിനൊടുവില്‍ പാക് താരങ്ങളുമായി ഹസ്തദാനം ചെയ്യാന്‍ ഇന്ത്യന്‍ താരങ്ങള്‍ വിസമ്മതിച്ചിരുന്നു. മൊഹ്‌സിന്‍ നഖ്വിയില്‍ നിന്ന് ഇന്ത്യന്‍ ടീം കിരീടം ഏറ്റുവാങ്ങില്ലെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു