തമിഴ്നാട്ടിലെ കരൂരില്‍ തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ് യുടെ തിരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 40 പേര് മരിച്ചു. മുഖ്യമന്ത്രി എം കെ സ്റ്റാലിന് ദുരന്തസ്ഥലമായ കരൂരില്‍ എത്തി ഇരകളുടെ കുടുംബങ്ങളെയും പരിക്കേറ്റവരെയും സന്ദര്‍ശിക്കുകയും ചെയ്തു. ‘നമ്മുടെ സംസ്ഥാന ചരിത്രത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി സംഘടിപ്പിച്ച പരിപാടിയില്‍ ഇത്രയധികം ആളുകള്‍ക്ക് ജീവന് നഷ്ടപ്പെട്ടിട്ടില്ല, ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകരുത്. നിലവില്‍ 51 പേര് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്,’ സ്റ്റാലിന് പറഞ്ഞു.
‘മരിച്ചവര്‍ക്ക് വേദനയോടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 1 ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കും. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ഒരു അന്വേഷണ കമ്മീഷന് രൂപീകരിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്,’ മുഖ്യമന്ത്രി അറിയിച്ചു.
ബിഎന്‍എസ് വ്യവസ്ഥകള്‍ പ്രകാരം ടിവികെ ജില്ലാ സെക്രട്ടറി മതിയഴകന്‍, പാര്‍ട്ടി ജനറല്‍ സെക്രട്ടറി ബുസ്സി ആനന്ദ്, ജോയിന്റ് ജനറല്‍ സെക്രട്ടറി സി ടി നിര്‍മ്മല്‍ കുമാര്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. മനഃപൂര്‍വമല്ലാത്ത നരഹത്യ, നരഹത്യാശ്രമം, ജീവന് അപകടത്തിലാക്കുന്ന അശ്രദ്ധമായ പ്രവൃത്തികള്‍, നിയമപരമായ ഉത്തരവുകള്‍ ലംഘിക്കല്‍, കൂടാതെ തമിഴ്നാട് പൊതുമുതല്‍ നശിപ്പിക്കല്‍ നിയമപ്രകാരമുള്ള കുറ്റങ്ങളും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
കരൂര്‍ ദുരന്തത്തില്‍ ‘അഗാധമായ ദുഃഖം’ രേഖപ്പെടുത്തിയ വിജയ് ഞായറാഴ്ച തന്റെ അനുയായികള്‍ക്ക് അയച്ച സന്ദേശത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപ വീതവും നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഈ നഷ്ടം ‘നികത്താനാവാത്തതാണ്’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, വേദന ലഘൂകരിക്കാന്‍ ഒരു തുകയ്ക്കും കഴിയില്ലെങ്കിലും തന്റെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം ഇരകളുടെ കുടുംബങ്ങളോടൊപ്പം നില്‍ക്കുമെന്നും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും ഉറപ്പ് നല്കി. പരിക്കേറ്റവര്‍ക്ക് വേഗത്തില്‍ സുഖം പ്രാപിക്കാന്‍ വിജയ് പ്രാര്‍ത്ഥിക്കുകയും ചെയ്തു.
എന്നാല്‍ ദുരന്തത്തിനു ശേഷം വിജയിന്റൈ നടപടികള്‍ക്കെതിരേ അമര്‍ഷം പുകയുകയാണ് . അപകടം ഉണ്ടായതോടെ നടന് ചെന്നെയിലേയ്ക്കു കടന്നതാണ് വന്‍ വിമര്‍ശനത്തിന് കാരണമായത്. ദുരന്തത്തില്‍ പെട്ടവര്‍ക്ക് ആശ്വാസമെത്തിക്കാനോ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കുകൊള്ളാനോ വിജയ് തയ്യാറായില്ല. സുരക്ഷിത സ്ഥാനത്ത് എത്തിയ ശേഷമാണ് അനുശോചനം പോലും എക്സില്‍ നടത്തിയത്. അതേസമയം , ദുരന്തത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് തമിഴക വെട്രി കഴകം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. അപകടത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. റാലിക്കിടെ പൊലീസ് ലാത്തി വീശിയെന്നും ദുരന്തം നടക്കുന്നതിനു തൊട്ടുമുന്‍പു റാലിക്കുനേരെ കല്ലേറുണ്ടായെന്നും ഹര്‍ജിയില്‍ പറയുന്നു.
അപകടത്തിനു തൊട്ടുപിന്നാലെ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം ആരംഭിച്ചു. വിരമിച്ച ജഡ്ജി അരുണ ജഗദീഷന് സംഭവസ്ഥലം സന്ദര്‍ശിച്ചു. കേസ് അന്വേഷണത്തിന്റെ തുടര്‍നടപടികളുടെ ഭാഗമായി പൊലീസിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ അടിയന്തര യോഗം ചേര്‍ന്നു. പൊലീസ് ലാത്തിവീശിയിട്ടില്ലെന്നും പ്രകോപനം ഉണ്ടാക്കുന്ന ഒന്നും ഉണ്ടായിട്ടില്ലെന്നും എഡിജിപി പറഞ്ഞു. കരൂരില്‍ കല്ലേറ് നടന്നിട്ടില്ല. മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചത് സംഘാടകരാണെന്നാണ് പോലീസ് നിലപാട്
സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാകും വരെ പാര്‍ട്ടിയുടെ പൊതുസമ്മേളനങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സെന്തില്‍ കണ്ണന് എന്നയാള്‍ ഹര്‍ജി സമര്‍പ്പിച്ചു. കരൂരിലെ അപകടത്തില്‍ പരുക്കേറ്റയാളാണ് സെന്തില്‍ കണ്ണന്. കരൂരിലുണ്ടായത് സാധാരണ അപകടമല്ലെന്നും ആസൂത്രണത്തിലെ പിഴവും കെടുകാര്യസ്ഥതയും പൊതുജനങ്ങളുടെ സുരക്ഷയിലുള്ള അനാസ്ഥയുമാണ് ദുരന്തത്തിന് വഴിവച്ചതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.