Jebi Mather M P | മഹിളാകോണ്‍ഗ്രസിന്റെ മഹിളാ സാഹസ് കേരളയാത്രയ്ക്ക് നാളെ സമാപനം; പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ വീട്ടമ്മമാരുടെ കുറ്റപത്രം സമര്‍പ്പിക്കും

Jaihind News Bureau
Sunday, September 28, 2025

തിരുവനന്തപുരം : പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ മഹിളാ കോണ്‍ഗ്രസിന്റ കുറ്റപത്രം . മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തര്‍ എം പി യുടെ നേതൃത്വത്തില്‍ വീട്ടമ്മമാരില്‍ നിന്നും ശേഖരിച്ച് കുറ്റപത്രമാണ് സമര്‍പ്പിക്കുക. ജനുവരി നാലിന് തുടങ്ങിയ മഹിള സാഹസ് കേരളയാത്ര സംസ്ഥാനത്തെ 1474 മണ്ഡല കേന്ദ്രങ്ങളില്‍ പര്യടനം നടത്തിയാണ് പരാതികള്‍ ശേഖരിച്ചത്. തിങ്കളാഴ്ച രാവിലെ 10.30 ന് സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന അമ്മമാരുടെ പ്രതിഷേധ സംഗമം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് എം എല്‍ എ മുഖ്യാതിഥിയായിരിക്കും. ദേശീയ- സംസ്ഥാന നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കുമെന്ന് ജെബി മേത്തര്‍ എം പി അറിയിച്ചു.

സംസ്ഥാനത്തെ ഏക ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയിലും അട്ടപ്പാടിയിലും നെല്ലിയാമ്പതിയിലും പെരുമ്പളം ദ്വീപിലുമടക്കം എല്ലാ പഞ്ചായത്തുകളിലും സാഹസ് യാത്ര എത്തിച്ചേര്‍ന്ന് സ്ത്രീകളുമായി സംവദിച്ചിരുന്നു. മുപ്പതിനായിരത്തിലേറെ കിലോമീറ്ററാണ് സാഹസ് യാത്ര സഞ്ചരിച്ചത്. സംസ്ഥാന ചരിത്രത്തില്‍ ഇതാദ്യമാണ് ഇത്രയും സുദീര്‍ഘമായ ഒരു രാഷ്ട്രീയ യാത്ര നടക്കുന്നത്. സ്ത്രീവിരുദ്ധ മുഖമുള്ള പിണറായി സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും നീക്കണമെന്ന വികാരമാണ് സംസ്ഥാനത്തുടനീളമുള്ള സ്ത്രീകള്‍ രാഷ്ട്രീയ ഭേദമന്യേ പ്രകടിപ്പിച്ചതെന്നും ജെബി മേത്തര്‍ പറഞ്ഞു.

സമൂഹത്തെയും കുടുംബങ്ങളെയും ദോഷമായി ബാധിക്കുന്ന രാസലഹരി അടക്കമുള്ള ലഹരിപദാര്‍ത്ഥങ്ങള്‍ക്കെതിരായ ജനകീയ മുന്നേറ്റവും ഈ യാത്രയില്‍ സൃഷ്ടിക്കപ്പെട്ടു. എല്ലാ സ്വീകരണം കേന്ദ്രങ്ങളിലും ‘ലഹരിക്കെതിരെ അമ്മമാര്‍ പോരാളികള്‍’ എന്ന പ്ലക്കാര്‍ഡുയര്‍ത്തി ലഹരി വിരുദ്ധ പ്രതിജ്ഞ ജാഥയുടെ ഭാഗമായി നടന്നു. സ്ത്രീ പീഡനം, ലഹരി മാഫിയയുടെ താണ്ഡവം, ക്രിമിനല്‍ പോലീസ്, ലൈഫ് മിഷന്‍ അപാകത, എസ് എഫ് ഐ ഗുണ്ടായിസം, ആരോഗ്യരംഗത്തെ പ്രശ്‌നങ്ങള്‍, ആശാവര്‍ക്കര്‍മാരുടെ പ്രശ്‌നങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങളടങ്ങുന്ന 41 ഇന കുറ്റപത്രമാണ് സമര്‍പ്പിക്കുക.