Sabarimala| കാണാതായ ദ്വാരപാലക പീഠം പരാതിക്കാരന്റെ ബന്ധുവീട്ടില്‍ നിന്നു കണ്ടെത്തി ; സ്‌പോണ്‍സര്‍ സംശയനിഴലില്‍

Jaihind News Bureau
Sunday, September 28, 2025

പത്തനംതിട്ട: ശബരിമലയില്‍ നിന്ന് കാണാതായെന്ന് പരാതി ഉയര്‍ന്ന ദ്വാരപാല പീഠം സ്‌പോണ്‍സറുടെ ബന്ധുവീട്ടില്‍ നിന്നു കണ്ടെത്തി. ദേവസ്വം വിജിലന്‍സാണ് പീഠം കണ്ടെത്തിയത് . പീഠം കാണാനില്ലെന്ന് പരാതി നല്‍കിയത് ദ്വാരപാല പ്രതിമകളില്‍ സ്വര്‍ണ്ണപാളികള്‍ പതിപ്പിക്കുന്നതിന് സ്‌പോണ്‍സര്‍ ആയിരുന്ന ഉണ്ണികൃഷ്ണന്‍ പോറ്റി ആയിരുന്നു. സ്വര്‍ണ്ണപാളികള്‍ പതിപ്പിച്ചതിനൊപ്പം ദ്വാരപാലര്‍ക്ക് പീഠം നിര്‍മ്മിച്ചിരുന്നതായും അത് ക്ാണാനില്ലെന്നുമായിരുന്നു ഇദ്ദേഹം പരാതിപ്പെട്ടത് . ഇതേ തുടര്‍ന്ന് ഹൈക്കോടതിയാണ് ഈ പീഠം എവിടെയെന്നു കണ്ടെത്തണമെന്ന് ചോദ്യം ഉയര്‍ത്തിയത്. സ്പോണ്‍സറുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സ്ട്രോങ് റൂമിലടക്കം പരിശോധന നടത്തിയിരുന്നു.

ദ്വാരപാലക പീഠം കാണാനില്ലെന്ന് ഇദ്ദേഹം തന്നെ പരാതി നല്‍കിയതിന് പിന്നില്‍ ദുരൂഹതയുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജോലിക്കാരന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന പീഠം കോടതി ഈ വിഷയത്തില്‍ ഇടപെട്ടതോടെ വാസുദേവന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയ തിരികെ ഏല്‍പ്പിക്കുകയാിരുന്നു. 2021 മുതല്‍ ദ്വാര പാലക പീഠം വാസുദേവന്റെ വീട്ടില്‍ ഉണ്ടായിരുന്നു വാസുദേവന്റെ വീട്ടിലെ സ്വീകരണമുറിയിലാണ് സൂക്ഷിച്ചത്.വാസുദേവന്‍ തിരികെ ഏല്‍പ്പിച്ച പീഠം കഴിഞ്ഞ ആഴ്ചയാണ് സഹോദരിയുടെ വീട്ടിലേക്ക് മാറ്റിയത് . ഉണ്ണികൃഷ്ണന്‍ പോറ്റിതന്നെയാണ് ഈ പീഠം സഹോദരരുടെ വീട്ടിലേക്ക് മാറ്റിയതെന്നാണ് അറിയുന്നത്.

ഇന്നലെ ജോലിക്കാരനെ ദേവസ്വം വിജിലന്‍സ് ചോദ്യം ചെയ്തപ്പോഴാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ തിരികെ ഏല്‍പ്പിച്ചിരുന്നതായി അറിയിച്ചത്. സ്പോണ്‍സറുടെ ബന്ധു വീട്ടില്‍ നിന്നും കണ്ടെടുത്ത ദ്വാരപാലക പീഠം ദേവസ്വം വിജിലന്‍സ് കസ്റ്റഡിയിലെടുത്തു. ഇത് സ്ട്രോങ് റൂമിലേക്ക് മാറ്റി, പീഠം കണ്ടെടുത്ത കാര്യം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.