Raj Bhavan Magazine| രാജ്ഭവന്റെ പുതിയ മുഖമാസിക പ്രകാശനം ചെയ്തു; വിയോജിപ്പ് പരസ്യമാക്കി മുഖ്യമന്ത്രി

Jaihind News Bureau
Sunday, September 28, 2025

രാജ്ഭവന്‍ പ്രസിദ്ധീകരിക്കുന്ന ത്രൈമാസികയായ രാജഹംസിന്റെ ആദ്യ പതിപ്പിലെ ലേഖനത്തോടുള്ള വിയോജിപ്പ് പരസ്യമാക്കികൊണ്ട് മാസിക മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. സര്‍ക്കാര്‍ ഗവര്‍ണര്‍ നാടകപ്പോര് തുടരുന്നതിനിടയിലാണ് രാജ് ഭവനിലെ ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുത്തത്. വിവാദമായ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം ഒഴിവാക്കിയാണ് രാജ്ഭവന്‍ ഇന്ന് ചടങ്ങ് സംഘടിപ്പിച്ചത്.

മാസികയിലെ ഉള്ളടക്കത്തിലെ പല ലേഖനങ്ങളിലും ഉള്ള വിയോജിപ്പ് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. രാജ്ഭവന്റെ പേരില്‍ വരുന്നു എന്ന് കരുതി മാസികയുടെ ഉള്ളടക്കം സര്‍ക്കാരിന്റെ അഭിപ്രായമാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ക്കൊന്നും തുടര്‍ന്ന് സംസാരിച്ച ഗവര്‍ണര്‍ മറുപടി നല്‍കിയില്ല. മൂന്നുമാസത്തില്‍ ഒരിക്കല്‍ പുറത്തിറങ്ങുന്ന മാസികയില്‍ വരുന്ന ലേഖനങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ പുതിയ വിവാദങ്ങള്‍ക്ക് തിരി തെളിയിക്കും എന്ന കാര്യത്തില്‍ സംശയമില്ല.