Joy Mathew| ‘അധികാരത്തിനായുള്ള ആള്‍ക്കൂട്ട പ്രദര്‍ശനം; ബലിയാകുന്നത് നിഷ്‌കളങ്കരായ കുഞ്ഞുങ്ങള്‍’: കരൂര്‍ ദുരന്തത്തില്‍ രൂക്ഷ വിമര്‍ശനവുമായി ജോയ് മാത്യു

Jaihind News Bureau
Sunday, September 28, 2025

നടനും ടി.വി.കെ. നേതാവുമായ വിജയ്യുടെ കരൂര്‍ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 39 പേര്‍ മരിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി നടന്‍ ജോയ് മാത്യു. മരണപ്പെട്ടവര്‍ ‘താരാരാധനയുടെ ബലിമൃഗങ്ങള്‍’ ആണെന്നും, അടിസ്ഥാനപരമായ ഒരു ലക്ഷ്യവുമില്ലാതെ എന്തിനാണ് മനുഷ്യര്‍ ഇങ്ങനെ ബലിയാകുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.

മരിച്ചവരില്‍ പത്തിലധികം പേര്‍ കുട്ടികളാണ് എന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ജോയ് മാത്യുവിന്റെ ഹൃദയഭേദകമായ ചോദ്യങ്ങള്‍. ‘എന്തൊരു ദുരന്തം! എന്തിനു വേണ്ടിയാണ് മനുഷ്യരിങ്ങനെ ബലിയാടാകുന്നത്? അനീതിക്കെതിരെയുള്ള ഒരു പ്രക്ഷോഭത്തിന്റെ ഭാഗമായാണോ? അല്ല. യുദ്ധവിരുദ്ധ മുദ്രാവാക്യമുയര്‍ത്തി നടത്തുന്ന പ്രകടനമാണോ? അല്ല. ദാരിദ്ര്യനിര്‍മാര്‍ജനത്തിനോ തൊഴിലില്ലായ്മ പരിഹരിക്കാനോ അഴിമതിക്കെതിരെയോ ഇനി ഭരണമാറ്റത്തിന് വേണ്ടി തന്നെയോ ആണോ? അല്ല. എല്ലാം വിജയ് എന്ന താരത്തെ കാണാന്‍; കേള്‍ക്കാന്‍.’

തമിഴ്നാട്ടില്‍ മുന്‍പും ഇത്തരം ‘ബലികള്‍’ ഉണ്ടായിട്ടുണ്ട് എന്ന ചരിത്രവും അദ്ദേഹം ഓര്‍മിപ്പിച്ചു. മുഖ്യമന്ത്രിമാരായിരുന്ന അണ്ണാദുരൈ, എം.ജി.ആര്‍, ജയലളിത തുടങ്ങിയവരുടെ ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് ആളുകള്‍ മരണപ്പെട്ട സംഭവങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. അധികാരത്തിന് വേണ്ടിയുള്ള ആള്‍ക്കൂട്ട പ്രദര്‍ശനത്തില്‍ അതിവൈകാരികതയുടെ ഇരകളാകുന്നത് നിഷ്‌കളങ്കരായ കുഞ്ഞുങ്ങളും ബോധമില്ലാത്ത മനുഷ്യരുമാണെന്നും പറഞ്ഞുകൊണ്ടാണ് ജോയ് മാത്യു പോസ്റ്റ് അവസാനിപ്പിച്ചത്. മരിച്ചവരുടെ കുടുംബങ്ങളോട് അദ്ദേഹം അനുശോചനം രേഖപ്പെടുത്തി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

താരാരാധനയുടെ ബലിമൃഗങ്ങള്‍

——————————-

വിജയ് എന്ന തമിഴ് താരത്തെ കാണാന്‍, കേള്‍ക്കാന്‍ തടിച്ചു കൂടിയവരില്‍ നാല്പതോളം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. അതില്‍ പത്തിലധികം പേരും കുട്ടികള്‍. എന്തൊരു ദുരന്തം ! എന്തിനു വേണ്ടിയാണ് മനുഷ്യരിങ്ങനെ ബലിയാകുന്നത് ? അനീതിക്കെതിരെയുള്ള ഒരു പ്രക്ഷോഭത്തിന്റെ ഭാഗമായാണോ ? അല്ല. യുദ്ധവിരുദ്ധ മുദ്രാവാക്യമുയര്‍ത്തി നടത്തുന്ന പ്രകടനമാണോ ? അല്ല.

ദാരിദ്ര്യനിര്‍മാര്‍ജനത്തിനോ തൊഴിലില്ലായ്മ പരിഹരിക്കാനോ അഴിമതിക്കെതിരെയോ ഇനി ഭരണമാറ്റത്തിന് വേണ്ടി തന്നെയോ ആണോ ? അല്ല. എല്ലാം വിജയ് എന്ന താരത്തെ കാണാന്‍; കേള്‍ക്കാന്‍. താരം എന്നത് മറ്റെല്ലാ മനുഷ്യരെയും പോലെ തിന്നുകയും തൂറുകയും ചെയ്യുന്ന ഒരു മനുഷ്യനാണെന്നും അമാനുഷ കഴിവുകളൊന്നും തന്നെയില്ലാത്ത സദാ മനുഷ്യനാണെന്നും മാധ്യമങ്ങളും ആരാധക വങ്കന്മാരും മിത്തിക്കല്‍ പരിവേഷത്തില്‍ സൃഷ്ടിച്ചെടുക്കുന്ന

ഒന്നാണെന്നും എന്നാണ് ഇവര്‍ മനസ്സിലാക്കുക ? തമിഴ് നാടിനെ സംബന്ധിച്ചു ഇത്തരം ബലികള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രി അണ്ണാദുരൈയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ തീവണ്ടി ബോഗികള്‍ക്ക് മുകളിരുന്നു യാത്ര ചെയ്തു മരണപ്പെട്ടവര്‍ നിരവധി.

എംജിആര്‍, ജയലളിത തുടങ്ങിയവരുടെ ശവസംസ്‌കാര നേരത്തും ഈ മാതിരി മരണാചാരങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഒരു താരത്തെക്കാണാനും കേള്‍ക്കാനും വന്ന് തിക്കുതിരക്കുകളില്‍പ്പെട്ടു കുട്ടികളടക്കം ഇത്രയധികം പേര്‍ ബലിയാടുകളാകുന്നത് ആദ്യം.

അധികാരത്തിനു വേണ്ടിയുള്ള ആള്‍ക്കൂട്ട പ്രദര്‍ശനത്തില്‍ അതി വൈകാരികതയുടെ ഇരകളാകുന്നത് നിഷ്‌കളങ്കരായ കുഞ്ഞുങ്ങളും ബോധമില്ലാത്ത മനുഷ്യരും. മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുന്നു