Karur Stampede| ജനനായകന്റെ ധാര്‍മികത മറന്ന് വിജയ്: ദുരന്തഭൂമിയില്‍നിന്ന് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ മടക്കം; രാഷ്ട്രീയ മോഹങ്ങള്‍ക്ക് തിരിച്ചടിയാകുമോ?

Jaihind News Bureau
Sunday, September 28, 2025

ചെന്നൈ: നടനും ടിവികെ (തമിഴക വെട്രി കഴകം) നേതാവുമായ വിജയ് കരൂരില്‍ സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 39 പേര്‍ മരിച്ച സംഭവത്തില്‍ വിജയ്ക്കെതിരെ രൂക്ഷ വിമര്‍ശനം. അപകടം നടന്ന ഉടന്‍ വിജയ് റാലി നിര്‍ത്തി തിരികെ പോയ നടപടി താരത്തിന്റെ രാഷ്ട്രീയ ഭാവിക്ക് കടുത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ വിജയ്യുടെ ആദ്യത്തെ വലിയ ജനസമ്പര്‍ക്ക പരിപാടിയാണ് കരൂര്‍ റാലി. എന്നാല്‍, ഏഴ് മണിക്കൂര്‍ വൈകി എത്തിയതും, 10,000 പേര്‍ക്ക് അനുമതി വാങ്ങി ലക്ഷക്കണക്കിന് ആളുകളെ ഒരുക്കി സുരക്ഷ ഉറപ്പാക്കാതിരുന്നതും ടിവികെയുടെ സംഘാടന മികവില്ലായ്മയാണ് തുറന്നുകാട്ടിയത്.

വെള്ളവും ഭക്ഷണവും കിട്ടാതെ ആളുകള്‍ കുഴഞ്ഞുവീണ് മരിച്ച സംഭവം, അടിസ്ഥാനപരമായ ആസൂത്രണം പോലും പാര്‍ട്ടിക്കില്ലെന്ന് തെളിയിക്കുന്നു. 2026-ല്‍ അധികാരം പിടിക്കാന്‍ ശ്രമിക്കുന്ന ഒരു പ്രസ്ഥാനത്തിന്, സ്വന്തം അനുയായികളുടെ ജീവന്‍ പോലും സുരക്ഷിതമാക്കാന്‍ കഴിയുന്നില്ലെങ്കില്‍ എങ്ങനെ ഭരണത്തില്‍ വിശ്വസിക്കുമെന്ന ചോദ്യമാണ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഉയരുന്നത്.

ദുരന്തത്തില്‍പ്പെട്ട ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതിന് പകരം, മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് പോലും മറുപടി നല്‍കാതെ വിജയ് വിമാനത്തില്‍ ചെന്നൈയിലേക്ക് പോയത് നിരുത്തരവാദിത്തപരമാണ്. ഇവിടെ അദ്ദേഹത്തിന് ഒരു ജനനായകന്റെ ധാര്‍മിക ഉത്തരവാദിത്തം മറക്കേണ്ടി വന്നു. ഇത് ഒരു ‘സൂപ്പര്‍ സ്റ്റാര്‍’ സ്വന്തം പരിപാടി ഉപേക്ഷിച്ച് മടങ്ങുന്നതുപോലെയേ ഉള്ളൂ, അല്ലാതെ പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാളുടെ പ്രവൃത്തിയല്ല. 2026-ല്‍ പൊതുസമൂഹത്തിന്റെ പിന്തുണ തേടുമ്പോള്‍, ഈ നിരുത്തരവാദിത്തപരമായ മടങ്ങിപ്പോക്ക് വിജയ്യ്ക്ക് വലിയ തിരിച്ചടിയായേക്കാം.

സംഭവത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികള്‍ വിജയ്യെ അറസ്റ്റ് ചെയ്യണം എന്ന് പരസ്യമായി ആവശ്യപ്പെട്ടു. ടിവികെ നേതൃത്വത്തിനെതിരെ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദുരന്തത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായവും ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

താരപ്പകിട്ടില്‍ മാത്രം ഊന്നിയുള്ള രാഷ്ട്രീയം, ജനങ്ങളുടെ ജീവന്‍ വെച്ച് കളിക്കുന്ന ഒരു തന്ത്രമാണോ എന്ന ചോദ്യമാണ് കരൂര്‍ ദുരന്തം തമിഴ്നാടിനോട് ചോദിക്കുന്നത്.