ഇടുക്കി: സി.പി.എം രാജാക്കാട് ഏരിയാ കമ്മറ്റി അംഗവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ പ്രമുഖ നേതാവ് തമിഴ്നാട്ടിലെ ക്ഷേത്രത്തില്‍ തോക്കുകള്‍ക്ക് ‘ആയുധപൂജ’ നടത്തുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ജയ് ഹിന്ദ് ന്യൂസിന് ലഭിച്ചു. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഇടുക്കിയിലെ സി.പി.എം. നേതൃത്വം കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്.
രാജാക്കാട് ഏരിയാ കമ്മറ്റി അംഗമായ പി. രവിയും മകനുമാണ് തമിഴ്നാട്ടിലെ ഒരു ക്ഷേത്രത്തില്‍ തോക്കുകള്‍ പൂജ ചെയ്യുന്ന ദൃശ്യങ്ങളിലുള്ളത്. രണ്ട് റിവോള്‍വര്‍ തോക്കുകളും ഒരു ഇരട്ടക്കുഴല്‍ തോക്കുമാണ് പൂജക്കായി ഉപയോഗിച്ചിരിക്കുന്നത്. നേതാവിന്റെ മകന്റെ തോളില്‍ ഒരു ഡബിള്‍ ബാരല്‍ തോക്ക് തൂക്കിയിട്ടിരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇവ യഥാര്‍ത്ഥ തോക്കുകളാണോ എന്ന് അധികൃതര്‍ സ്ഥിരീകരിക്കേണ്ടതുണ്ട്.
അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഹൈറേഞ്ചില്‍ നിരവധി തവണ വിവാദങ്ങളില്‍ പെട്ടിട്ടുള്ള നേതാവാണ് പി. രവി. രാജകുമാരി മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ രവി, നിരവധി തവണ പഞ്ചായത്തില്‍ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സി.പി.എം. നേതാവ് മുന്‍പും പല തവണ ഈ ക്ഷേത്രത്തില്‍ എത്തി സമാനമായ പൂജകള്‍ നടത്താറുണ്ടെന്നാണ് ലഭിക്കുന്ന വിവരം.