കരൂര്‍: ടിവികെ (തമിഴക വെട്രി കഴകം) അധ്യക്ഷന്‍ വിജയ്യുടെ കരൂര്‍ റാലിയില്‍ ഉണ്ടായ മഹാദുരന്തത്തിന്റെ നടുക്കത്തിലാണ് തമിഴ്നാട്. ഒന്‍പത് കുട്ടികള്‍ ഉള്‍പ്പെടെ 39 പേരുടെ ജീവനാണ് അപകടത്തില്‍ നഷ്ടമായത്. ദുരന്തം നടന്ന വേലുചാമിപുരത്തെ കാഴ്ചകള്‍ അതിന്റെ വ്യാപ്തി വ്യക്തമാക്കുന്ന തരത്തില്‍ ഹൃദയഭേദകമാണ്.
തിക്കും തിരക്കും ഉണ്ടായ സ്ഥലത്ത് ചെരുപ്പുകളടക്കം കുന്നുകൂടി കിടക്കുകയാണ്. ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന നടുക്കുന്ന കാഴ്ചകളാണ് വേലുചാമിപുരത്തുള്ളത്. വിജയ്യെ കാണാനായി വന്‍ ജനപ്രവാഹമാണ് സ്ഥലത്ത് ഉണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പലരും തലേദിവസം ഉച്ചയോടെ തന്നെ സ്ഥലത്തെത്തി കാത്തിരിപ്പ് തുടങ്ങിയിരുന്നു. റാലിക്കായി എത്തിയവരില്‍ കോളേജ് വിദ്യാര്‍ത്ഥികളാണ് കൂടുതലായി ഉണ്ടായിരുന്നത്. സ്ഥലം നഷ്ടപ്പെടുമെന്ന ഭയം കാരണം ആരും ഭക്ഷണം കഴിക്കാന്‍ പോയില്ല.
വിജയ്യുടെ റാലി നിശ്ചയിച്ച സമയം തെറ്റിയതാണ് ദുരന്തത്തിലേക്ക് നയിച്ച പ്രധാന കാരണങ്ങളിലൊന്ന്. ഉച്ചയ്ക്ക് 12 മണിക്ക് എത്തുമെന്ന് അറിയിച്ചിരുന്ന വിജയ്, സ്ഥലത്തെത്തിയത് രാത്രി 7 മണിയോടെയാണ്. വെള്ളവും ഭക്ഷണവും കിട്ടാതെ ആളുകള്‍ ബോധംകെട്ട് വീഴാന്‍ തുടങ്ങി. വിജയ്യുടെ വരവ് വൈകിയതോടെ, വിജയ് ഉള്ളിടത്തേക്ക് ആള്‍ക്കൂട്ടം ഒന്നാകെ നീങ്ങാന്‍ ശ്രമിച്ചു. ഇതാണ് നിയന്ത്രണാതീതമായ തിക്കിലും തിരക്കിലും കലാശിക്കുകയും വന്‍ ദുരന്തത്തിലേക്ക് നയിക്കുകയും ചെയ്തത്.
അപകടമുണ്ടായ ഉടന്‍ തന്നെ ആളുകളെ സ്ഥലത്തെ അക്ഷയ ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. ആശുപത്രി പരിസരം പോലും വിജയ്യെ കാണാന്‍ എത്തിയവരാല്‍ തിങ്ങി നിറഞ്ഞിരുന്നു. അപകടം നടന്നപ്പോള്‍ ആളുകളെ തോളില്‍ എടുത്താണ് ആശുപത്രിയില്‍ എത്തിച്ചതെന്നും, കൊണ്ടുവന്നവരില്‍ പകുതിയില്‍ അധികം പേരും മരിച്ചിരുന്നു എന്നും ആശുപത്രി ജീവനക്കാരന് പറഞ്ഞു. പുലര്‍ച്ചെയോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ വിട്ടുകൊടുത്തു തുടങ്ങി. ഇതുവരെ 38 പേരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ഉറ്റവര്‍ നഷ്ടപ്പെട്ടവരുടെ ഹൃദയഭേദകമായ കാഴ്ചകള്‍ ആശുപത്രി പരിസരത്ത് നിറഞ്ഞുനില്‍ക്കുകയാണ്.
ആദ്യം കരൂര്‍ റൗണ്ടാനയില്‍ പരിപാടി നടത്താനാണ് വിജയ് അനുമതി തേടിയത്. എന്നാല്‍, അവിടെ സൗകര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് അനുമതി നിഷേധിച്ചത്. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് തമിഴ്നാട് സര്‍ക്കാര്‍ അടിയന്തര സഹായമായി പത്ത് ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്.