Karur Stampede| കരൂര്‍ റാലി ദുരന്തം: വന്‍ സുരക്ഷാ വീഴ്ച; 10,000 പേര്‍ക്ക് അനുമതി വാങ്ങി, എത്തിയത് 2 ലക്ഷം പേരെന്ന് റിപ്പോര്‍ട്ട്

Jaihind News Bureau
Sunday, September 28, 2025

കരൂര്‍: നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ് പങ്കെടുത്ത റാലിക്കിടെ കരൂര്‍ വേലുച്ചാമിപുറത്തുണ്ടായ ദുരന്തത്തില്‍ വന്‍സുരക്ഷാ വീഴ്ചയെന്ന് റിപ്പോര്‍ട്ടുകള്‍. റാലിക്ക് അനുമതി തേടി സമര്‍പ്പിച്ച അപേക്ഷയില്‍ പറഞ്ഞതിനേക്കാള്‍ ഇരുപതിരട്ടിയോളം ആളുകള്‍ സ്ഥലത്ത് എത്തിയതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

വിജയ്യുടെ പാര്‍ട്ടിയായ ടിവികെ ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ അപേക്ഷയില്‍, റാലിയില്‍ 10,000 പേരെ മാത്രമാണ് പ്രതീക്ഷിക്കുന്നതെന്നാണ് രഖപ്പെടുത്തിയിരുന്നത്. എന്നാല്‍, അനൗദ്യോഗിക കണക്കുകള്‍ പ്രകാരം ഏകദേശം രണ്ട് ലക്ഷത്തോളം പേര്‍ സ്ഥലത്ത് എത്തിച്ചേര്‍ന്നു.

60,000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പ്രദേശമാണ് റാലിക്കായി സജ്ജമാക്കിയത്. വിജയ് റോഡ് മാര്‍ഗം സഞ്ചരിക്കുമെന്നും ബാനറുകള്‍, ഫ്‌ലെക്‌സ് ബോര്‍ഡുകള്‍, പ്രസംഗ സംവിധാനം എന്നിവ സ്ഥാപിക്കേണ്ടതുണ്ടെന്നും മാത്രമാണ് ടിവികെ കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി നല്‍കിയ അനുമതി കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. കൃത്യമായ ക്രൗഡ് കണ്‍ട്രോള്‍ സംവിധാനങ്ങള്‍ ഒരുക്കാതിരുന്നതാണ് വന്‍ ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തല്‍.

ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നടന്‍ വിജയ്ക്കെതിരെ ശക്തമായ പ്രതിഷേധവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി. സംഭവത്തില്‍ വിജയ്യെ അറസ്റ്റ് ചെയ്യണം എന്ന് കോണ്‍ഗ്രസ് ഔദ്യോഗികമായി ആവശ്യപ്പെട്ടു. ദുരന്തത്തില്‍ മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് സിപിഎം ആവശ്യപ്പെട്ടു. അതേസമയം, പരിപാടിയുടെ സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ദുരന്തം നടക്കുന്നതിനിടെ റാലി പാതിയില്‍ നിര്‍ത്തി പ്രദേശം വിട്ട വിജയ് ചെന്നൈയിലേക്ക് മടങ്ങിയത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. തിരുച്ചിറപ്പള്ളിയില്‍ നിന്ന് വിമാനമാര്‍ഗമാണ് വിജയ് ചെന്നൈയിലേക്ക് പോയത്. ദുരന്തത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെയായിരുന്നു അദ്ദേഹത്തിന്റെ മടക്കം. നേരത്തെ അദ്ദേഹം എക്സിലൂടെ അനുശോചനം രേഖപ്പെടുത്തിയിരുന്നു.

അതേസമയം ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.