Karur Stampede| കരൂര്‍ റാലി ദുരന്തം: മരണം 39 ആയി; 111 പേര്‍ ചികിത്സയില്‍; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Jaihind News Bureau
Sunday, September 28, 2025

ചെന്നൈ: നടനും തമിഴക വെട്രി കഴകം (TVK) നേതാവുമായ വിജയ്യുടെ രാഷ്ട്രീയ റാലിക്കിടെ തമിഴ്നാട്ടിലെ കരൂരില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 39 ആയി. റാലിയുടെ സുരക്ഷാ ക്രമീകരണങ്ങളിലെ ഗുരുതരമായ വീഴ്ചകളെ തുടര്‍ന്ന് സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

കരൂര്‍ ജില്ലയിലെ വേലസ്വാമിപുരത്ത് നടന്ന റാലിയില്‍ തിക്കിലും തിരക്കിലും പെട്ടാണ് ദാരുണമായ സംഭവം അരങ്ങേറിയത്. സംഭവത്തില്‍ മരിച്ച 39 പേരില്‍ 17 സ്ത്രീകളും 9 കുട്ടികളും ഉള്‍പ്പെടുന്നു. നിലവില്‍ 111 പേരാണ് പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 10 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കൂടാതെ, തിക്കിലും തിരക്കിലും പെട്ട് ഒട്ടേറെ കുട്ടികളെ കാണാതായെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ദുരന്തത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് മികച്ചതും അടിയന്തിരവുമായ ചികിത്സ ഉറപ്പാക്കാന്‍ അദ്ദേഹം ആരോഗ്യ വകുപ്പ് മന്ത്രിക്ക് നിര്‍ദേശം നല്‍കി. റാലിയിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ച് സമഗ്രമായി അന്വേഷിക്കുന്നതിനായി റിട്ട. ജസ്റ്റിസ് അരുണ ജഗദീഷന്റെ നേതൃത്വത്തില്‍ ഏകാംഗ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനെ സര്‍ക്കാര്‍ നിയമിക്കുകയും ചെയ്തു.

ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളോ ക്രൗഡ് കണ്‍ട്രോള്‍ സംവിധാനങ്ങളോ ഇല്ലാതെ വന്‍ ജനക്കൂട്ടത്തെ വിളിച്ചുകൂട്ടി പരിപാടി നടത്തിയതിന് ടിവികെയുടെ കരൂര്‍ ജില്ലാ സെക്രട്ടറിക്ക് എതിരെ പൊലീസ് കേസെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി ദ്രൗപദി മുര്‍മു, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ ദുരന്തത്തില്‍ അനുശോചനം അറിയിക്കുകയും പരിക്കേറ്റവര്‍ക്ക് വേഗം സുഖം പ്രാപിക്കാന്‍ ആശംസിക്കുകയും ചെയ്തു. പരിക്കേറ്റവര്‍ക്ക് എല്ലാ സഹായവും നല്‍കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചു.