തമിഴ്നാട് കരൂരില്‍ തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയ്യുടെ റാലിയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 36 പേര് മരിച്ച ദാരുണ സംഭവത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് അനുശോചിച്ചു.
തിക്കിലും തിരക്കിലും ഇത്രയധികം പേര് മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം അതീവ ദുഖകരമാണ്. സമാനതകളില്ലാത്ത ദുരന്തമാണ് തമിഴ്നാട്ടിലുണ്ടായത്. മരിച്ചവരുടെ കുടുംബാംഗങ്ങളുടെയും തമിഴ്നാട് ജനതയുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായി പ്രതിപക്ഷ നേതാവ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
കരൂരില്‍ വിജയ് പ്രസംഗിക്കുന്നതിനിടെയാണ് സംഭവം നടന്നത്. നിശ്ചയിച്ചതിലും വൈകിയായിരുന്നു വിജയ് ജനങ്ങളെ അഭിസംബോധന ചെയ്തത്. ആറുമണിക്കൂറോളമാണ് ജനങ്ങള്‍ അദ്ദേഹത്തെ കാത്തിരുന്നത്. വിജയ് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ദുരന്ത വാര്‍ത്ത എത്തുന്നത്. ഇതോടെ വിജയ് പ്രസംഗം പാതിവഴിയില്‍ നിര്‍ത്തുകയും ചെയ്തു. ജനബാഹുല്യം മൂലം അപകട സ്ഥലത്തേക്ക് ആംബുലന്‍സ് ഉള്‍പ്പെടെ എത്താന്‍ വൈകിയതും ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. ആംബുലന്‍സിന് വഴിയൊരുക്കാന്‍ പൊലീസിന് ലാത്തിച്ചാര്‍ജ്ജ് ഉള്‍പ്പെടെ നടത്തേണ്ടിവന്നതായും റിപ്പോര്‍ട്ടുകളുണ്ട്.