മലപ്പുറം: അധ്യാപികയുടെ 27.5 ലക്ഷം രൂപയും 21 പവന്‍ സ്വര്‍ണ്ണവും തട്ടിയെടുത്ത കേസില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ഭാര്യയും അറസ്റ്റില്‍. മലപ്പുറം ചെറിയമുണ്ടം തലക്കടത്തൂര്‍ സ്വദേശി നീലിയത്ത് വേര്‍ക്കല്‍ ഫിറോസും (51) ഭാര്യ റംലത്തുമാണ് (45) അറസ്റ്റിലായത്. 1988-90 കാലഘട്ടത്തില്‍ തന്നെ പഠിപ്പിച്ച അധ്യാപികയില്‍ നിന്നുമാണ് പ്രതി സ്വര്‍ണവും പണവും തട്ടിയെടുത്തത്. കര്‍ണാടകയിലെ ഹാസനില്‍ നിന്നാണ് പരപ്പനങ്ങാടി പൊലീസ് ഇരുവരെയും പിടികൂടിയത്.
31 വര്‍ഷങ്ങള്‍ക്കു ശേഷം നടന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ പങ്കെടുത്ത ഫിറോസ്, തന്റെ മുന്‍ അധ്യാപികയുമായി ബന്ധം പുതുക്കിയ ശേഷമാണ് വിശ്വാസം ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തിയത്. സ്വര്‍ണ്ണവുമായി ബന്ധപ്പെട്ട ബിസിനസ് തുടങ്ങാന്‍ എന്ന പേരില്‍ പണം ആവശ്യപ്പെട്ടാണ് ഫിറോസ് അധ്യാപികയെ സമീപിച്ചത്. ആദ്യം ഒരു ലക്ഷം രൂപ കൈപ്പറ്റിയ ശേഷം 4000 രൂപ ലാഭവിഹിതം നല്‍കി വിശ്വാസം നേടി. പിന്നീട് മൂന്ന് ലക്ഷം രൂപ വാങ്ങി 12,000 രൂപ ലാഭവിഹിതം നല്‍കിയതോടെ അധ്യാപികക്ക് ഫിറോസിലുള്ള വിശ്വാസം വര്‍ദ്ധിച്ചു. ഈ വിശ്വാസം മുതലെടുത്ത് തവണകളായി കൂടുതല്‍ പണവും 21 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും കൈക്കലാക്കിയ ശേഷം ഇരുവരും ഒളിവില്‍ പോവുകയായിരുന്നു.
അധ്യാപിക നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഒളിവില്‍ കഴിഞ്ഞിരുന്ന ഫിറോസിനെയും ഭാര്യയെയും പോലീസ് കര്‍ണാടകയില്‍ നിന്നും പിടികൂടിയത്.