മലപ്പുറം ജില്ലയില്‍ രണ്ട് വാഹനാപകടങ്ങളിലായി നാല് പേര്‍ മരിച്ചു. തിരൂരങ്ങാടിയിലും അരീക്കോട് ഊര്‍ങ്ങാട്ടിരിയിലുമാണ് അപകടങ്ങള്‍ നടന്നത്.
തിരൂരങ്ങാടി ദേശീയപാത 64-ല്‍ തലപ്പാറ വലിയപറമ്പില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ച് രണ്ട് ദര്‍സ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. വൈലത്തൂര്‍ സ്വദേശി ഉസ്മാന്‍ (24), വള്ളിക്കുന്ന് സ്വദേശി ശാഹുല്‍ ഹമീദ് (23) എന്നിവരാണ് മരിച്ചത്. പുത്തന്‍ തെരു സ്വദേശി അബ്ബാസ്, വേങ്ങര സ്വദേശി ഫഹദ്, താനൂര്‍ സ്വദേശി സര്‍ജാസ് എന്നിവര്‍ക്ക് പരിക്കേറ്റു. എല്ലാവരും തിരൂര്‍ തലക്കടത്തൂര്‍ ജുമുഅത്ത് പള്ളിയിലെ ദര്‍സ് വിദ്യാര്‍ത്ഥികളാണ്.
രാത്രി 8.30-ഓടെയായിരുന്നു അപകടം. കൊളപ്പുറം ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഉസ്മാന്‍ അപകടസ്ഥലത്ത് വെച്ചും ശാഹുല്‍ ഹമീദ് തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.
അരീക്കോട് ഊര്‍ങ്ങാട്ടിരി പന്നിയാമലയില്‍ വെച്ചുണ്ടായ മറ്റൊരു അപകടത്തില്‍ രണ്ട് ബൈക്ക് യാത്രികര്‍ മരിച്ചു. ഊര്‍ങ്ങാട്ടിരി ചൂളാട്ടിപ്പാറ സ്വദേശികളായ സൂരജ് (20), ഷാനിദ് (20) എന്നിവരാണ് മരിച്ചത്. രാത്രി 9 മണിയോടെയാണ് അപകടമുണ്ടായത്. ബ്രേക്ക് നഷ്ടപ്പെട്ട ബൈക്ക് അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.