Operation Numkhor| വാങ്ങിയത് നിയമപരമായി; വാഹനങ്ങള്‍ വിട്ടുകിട്ടണം; കസ്റ്റംസിനെതിരേ ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍

Jaihind News Bureau
Friday, September 26, 2025

ഓപ്പറേഷന്‍ നുംഖോറില്‍ കസ്റ്റംസ് നടപടി ചോദ്യം ചെയ്ത് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയെ സമീപിച്ചു. തന്റെ പക്കല്‍ നിന്ന് പിടിച്ചെടുത്ത ലാന്‍ഡ് റോവര്‍ വാഹനം നിയമപരമായാണ് വാങ്ങിയതെന്നും അവ തിരികെ വേണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. പിടിച്ചെടുത്ത വാഹനത്തിന്റെ ആര്‍ സി ഓണറായ ദുല്‍ഖര്‍ സല്‍മാനെ നോട്ടീസ് നല്‍കി വിളിച്ച് വരുത്താന്‍ കസ്റ്റംസ് തീരുമാനിച്ചിരിക്കെയാണ് ദുല്‍ഖര്‍ ഹൈക്കോടതിയെ സമീപിച്ചത്.

വാഹനം പിടിച്ചെടുത്ത സമയത്ത് തന്റെ കക്ഷികള്‍ ചില രേഖകള്‍ കാണിച്ചിരുന്നെന്നും എന്നാല്‍ കസ്റ്റംസ് അത് പരിശോധിക്കാന്‍ തയ്യാറായിരുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. കസ്റ്റംസ് ഡ്യൂട്ടി അടച്ചിട്ടാണ് വാഹനം കേരളത്തില്‍ എത്തിച്ചിട്ടുള്ളതെന്നും തെളിവുകള്‍ ഇല്ലാതെയാണ് കസ്റ്റഡിയില്‍ എടുത്തതെന്നുമാണ് ദുല്‍ഖറിന്റെ വാദം. വാഹനം കസ്റ്റംസിന്റെ കസ്റ്റഡിയില്‍ സൂക്ഷിക്കുമ്പോള്‍ കേടുപാടുകള്‍ സംഭവിക്കുമെന്നും അതിനാല്‍ അനാവശ്യമായി കസ്റ്റംസ് കസ്റ്റഡിയില്‍ വാഹനം സൂക്ഷിക്കുന്നത് അംഗീകരിക്കാനാകില്ലെന്നുമാണ് ദുല്‍ഖര്‍ സല്‍മാന്റെ ഹര്‍ജിയിലെ വാദം.