ന്യൂഡല്‍ഹി: സല്മാന് റുഷ്ദിയുടെ വിവാദ നോവലായ ‘ദി സാത്താനിക് വേര്‍സസ്’ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി പരിഗണിക്കാന്‍ വിസമ്മതിച്ചു. ഇതോടെ പുസ്തകം ഇന്ത്യയില്‍ നിയമപരമായി ലഭ്യമാകുന്നത് തുടരും. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് അഭിഭാഷകന് ചന്ദ് ഖുറേഷി ഫയല്‍ ചെയ്ത ഹര്‍ജി പരിഗണിച്ചത്.
അന്താരാഷ്ട്രതലത്തില്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചതാണ് ഈ നോവല്‍. മതനിന്ദ നിറഞ്ഞ ഉള്ളടക്കം കാരണം ഇന്ത്യയില്‍ നിരോധിക്കണമെന്നാണ് ഹര്‍ജിക്കാര്‍ വാദിച്ചത്. 1988-ല്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ പുസ്തകം ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചതിനെ ചോദ്യം ചെയ്തുള്ള നടപടികള്‍ ഹൈക്കോടതി പരിഗണിച്ചപ്പോള്‍ ബന്ധപ്പെട്ട വിജ്ഞാപനം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ‘ബന്ധപ്പെട്ട വിജ്ഞാപനം ഹാജരാക്കാന്‍ അധികാരികള്‍ക്ക് കഴിയാത്തതിനാല്‍, അങ്ങനെയൊരു വിജ്ഞാപനം നിലവിലില്ലെന്ന് അനുമാനിക്കേണ്ടി വരും.’ എന്നാണ് ഹൈക്കോടതി അന്നു നിരീക്ഷിച്ചത് . അങ്ങനെ കേസ് അന്ന് അവസാനിപ്പിക്കുകയായിരുന്നു.
ഈ വിധിയിലൂടെ, പുസ്തകത്തിന്റെ കോപ്പികള്‍ രാജ്യത്ത് ലഭ്യമാകുന്നതിന് പുതിയ നിയമപരമായ തടസ്സങ്ങളൊന്നുമില്ലെന്ന് സുപ്രീം കോടതി സൂചിപ്പിച്ചു.