Kartavya Bhavan | അസൗകര്യങ്ങളുടെ കൂടാരം: കോടികള്‍ മുടക്കി നിര്‍മ്മിച്ച കര്‍ത്തവ്യ ഭവനിലേക്ക് മന്ത്രാലയങ്ങളുടെ മാറ്റം വൈകുന്നു, സൗകര്യങ്ങളില്ലെന്നും ഇടം കുറവെന്നും ഉദ്യോഗസ്ഥരുടെ പരാതി

Jaihind News Bureau
Friday, September 26, 2025

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ഒട്ടേറ മന്ത്രാലയങ്ങളും വകുപ്പുകളും പുതുതായി നിര്‍മ്മിച്ച കര്‍ത്തവ്യ ഭവനിലേക്ക് (കോമണ്‍ സെന്‍ട്രല്‍ സെക്രട്ടേറിയറ്റ്) മാറിക്കൊണ്ടിരിക്കുകയാണ്. നവരാത്രി കാലയളവില്‍ ഈ മാറ്റം പൂര്‍ത്തിയാക്കണമെന്നാണ് ഉത്തരവ്. എന്നാല്‍ , ഒരു വിഭാഗം മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്ന് ഈ നീക്കത്തിന് എതിര്‍പ്പുകളും ആശങ്കകളും നേരിടുന്നതായി സൂചന. പുതിയ ഓഫീസിന് ഇടവും മറ്റു സൗകര്യങ്ങളും കുറവാണെന്നാണ് ഇവരുടെ പരാതി.

എന്‍ഡിഎ സര്‍ക്കാരിന്റെ മികച്ച നേ്ട്ടമെന്ന നിലയില്‍ കൊട്ടിഗ്‌ഘോഷിച്ചാണ് കര്‍ത്തവ്യ ഭവന്‍ മോദി ഉദ്ഘാടനം നടത്തിയത്. എന്നാല്‍ നിര്‍മ്മാണത്തിലെ അപാകതകളും ദീര്‍ഘവീക്ഷണമില്ലായ്മയും ഈ കെട്ടിടത്തിന് പരിമിതിയാവുന്നു. പുതിയകാലത്തെ സൗകര്യങ്ങള്‍ പരിഗണിക്കാതെ കോടികള്‍ മുടക്കി നിര്‍മ്മിച്ച കെട്ടിടത്തിലേയ്ക്ക് മാറാന്‍ ഉദ്യോഗസ്ഥര്‍ മടിക്കുകയാണ് . തുറന്ന ഓഫീസ് സങ്കല്‍പത്തില്‍ നിര്‍മ്മിക്കപ്പെട്ട ഓഫീസില്‍ സ്വകാര്യത ഇല്ലെന്നതാണ് പ്രധാന പരാതി . ഇടുങ്ങിയ സ്ഥലങ്ങള്‍ ഉദ്യോഗസ്ഥരുടെ സംഭാഷണങ്ങളുടെയും സെന്‍സിറ്റീവ് ഫയലുകളുടെയും സുരക്ഷയെ അപകടത്തിലാക്കുന്നുവെന്നും ചൂണ്ടിക്കാട്ടി കേന്ദ്ര സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ സംഘടന പ്രധാനമന്ത്രിയുടെ ഓഫീസിനും നഗര മന്ത്രാലയത്തിനും പരാതി നല്‍കിയിരിക്കുകയാണ്.

പാര്‍ട്ടീഷനുകള്‍ ഇല്ലാതെ, എല്ലാ വകുപ്പുകളിലെയും ജീവനക്കാര്‍ ഒരു വലിയ ഹാള്‍ പങ്കിടുന്നു, ഇത് ജോലിയെ തടസ്സപ്പെടുത്തുകയും പരസ്പരം സൂക്ഷിക്കേണ്ട രഹസ്യാത്മകക അസാധ്യമാക്കുകയും ചെയ്യുന്നു. ആധുനിക സൗകര്യങ്ങള്‍ ഓഫീസില്‍ ഉണ്ടായിരുന്നിട്ടും, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മാറ്റത്തെ എതിര്‍ക്കുന്നു.

നോര്‍ത്ത് ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യ മന്ത്രാലയം, CBDT, CBIC എന്നിവയുള്‍പ്പെടെയുള്ള ഉന്നതതല ഓഫീസുകള്‍ സെപ്റ്റംബര്‍ 29-നകം പുതിയ കെട്ടിടത്തിലേക്ക് മാറാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ഈ നീക്കത്തിന് വിമുഖത കാണിക്കുന്നതായി ആഭ്യന്തര വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. വിരമിക്കാറായ ചിലരാണ് ഇതിനു പിന്നിലെന്നാണ് അറിയുന്നത്.

കൂടാതെ, സര്‍ക്കാരിന്റെ ഉദ്യോഗസ്ഥവൃന്ദത്തെ പ്രതിനിധീകരിക്കുന്ന സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് സര്‍വീസ് (CSS) ഫോറം, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ. മിശ്രയ്ക്കും ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ സെക്രട്ടറിക്കും ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്. പുതിയ കെട്ടിടത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് അനുവദിച്ചിട്ടുള്ള സ്ഥലവും ഇരിപ്പിട ക്രമീകരണങ്ങളും നിഷ്‌കര്‍ഷിച്ചിട്ടുള്ളതില്‍ അപാകതകള്‍ ഉണ്ടെന്ന് ഫോറം ചൂണ്ടിക്കാട്ടി, ഇത് ജോലിയുടെ രഹസ്യസ്വഭാവത്തെയും പ്രവര്‍ത്തനക്ഷമതയെയും കുറിച്ച് ആശങ്കകള്‍ ഉയര്‍ത്തുന്നു.

ആഭ്യന്തര മന്ത്രാലയം (MHA) ഇതിനകം കര്‍ത്തവ്യ ഭവനിലേക്ക് മാറിയിട്ടുണ്ടെങ്കിലും, സുരക്ഷാ കാരണങ്ങളാല്‍ സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ അടുത്ത ഭാഗമായ എക്‌സിക്യൂട്ടീവ് എന്‍ക്ലേവിലേക്ക് വീണ്ടും മാറാന്‍ അവര്‍ ആലോചിക്കുന്നതായി സൂചനകളുണ്ട്.