Mukkam| പൈപ്പ് ലൈനിനു വേണ്ടി പൊളിച്ചിട്ട റോഡില്‍ നിന്നും കല്ല് തെറിച്ചു; വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥയില്‍ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരന് പരിക്ക്

Jaihind News Bureau
Friday, September 26, 2025

മുക്കം: പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി പൊളിച്ചിട്ട റോഡിലെ കല്ലുകള്‍ തെറിച്ചുണ്ടായ അപകടത്തില്‍ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരന് പരിക്ക്. മുക്കം ബൈപ്പാസില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്ന് വ്യാപാരികള്‍ ആരോപിച്ചു.

മുക്കം ബൈപ്പാസില്‍ തയ്യില്‍ എന്ന ബസ് കടന്നുപോകുമ്പോള്‍ റോഡില്‍ നിന്ന് തെറിച്ച കല്ല് സമീപത്തെ അല്‍ റാസി ഒപ്റ്റിക്കല്‍സ് എന്ന സ്ഥാപനത്തിലേക്ക് പതിക്കുകയായിരുന്നു. സ്ഥാപനത്തിലെ ജീവനക്കാരനായ കുനിയില്‍ സ്വദേശി അര്‍ഷാദിനാണ് പരിക്കേറ്റത്. ബസ് കാത്തുനിന്ന മറ്റൊരാള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

പൈപ്പ് ലൈന്‍ ജോലികള്‍ ആരംഭിച്ചതു മുതല്‍ റോഡിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വ്യാപാരികള്‍ നിരവധി തവണ പരാതി നല്‍കിയിരുന്നതായി വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. ഇത് നാലാം തവണയാണ് വിവിധ സ്ഥാപനങ്ങളിലേക്ക് കല്ലുകള്‍ തെറിക്കുന്നത്.

റോഡ് എത്രയും പെട്ടെന്ന് പൂര്‍വ്വ സ്ഥിതിയിലാക്കണമെന്നും പരിക്കേറ്റവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം പ്രസിഡന്റ് അലി അക്ബര്‍ പ്രതികരിച്ചു. റോഡിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാതെ ഇട്ടിരിക്കുന്നത് പ്രദേശവാസികള്‍ക്കും കാല്‍നടക്കാര്‍ക്കും വ്യാപാരികള്‍ക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.