ശബരിമല വിഷയത്തില്‍ കഴിഞ്ഞ 9 വര്‍ഷം പിണറായി സര്‍ക്കാര്‍ എന്താണ് ചെയ്തതെന്ന് കേരളത്തിലെ വിശ്വാസികള്‍ക്ക് ബോധ്യമുണ്ട്. അയ്യപ്പ സംഗമത്തില്‍ നിന്ന് വിട്ടുനിന്ന യുഡിഎഫ് നിലപാട് ശരിയെന്ന് തെളിഞ്ഞുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വര്‍ഗീയ വിദ്വേഷം വിളമ്പുന്ന വെള്ളാപ്പള്ളിയെ സ്റ്റേറ്റ് കാറില്‍ ഒപ്പമിരുത്തി കൊണ്ടു വന്നതും നരേന്ദ്ര മോദിയെക്കാള്‍ വര്‍ഗീയവാദിയായ യോഗി ആദിത്യനാഥിന്റെ കത്ത് വായിച്ചതുമൊക്കെ നേരില്‍ കണ്ടിരുന്നുവെങ്കില്‍ യുഡിഎഫ് സര്‍ക്കാരിനേക്കാള്‍ അപഹാസ്യരായി മാറിയേനെ എന്നും അദ്ദേഹം പരിഹസിച്ചു. എറണാകുളത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയ്യപ്പസംഗമത്തില്‍ നടന്നത് കാപട്യമെന്നും പ്രസംഗത്തിലൂടെ കപട ഭക്തനായി അഭിനയിച്ച് വിശ്വാസികളെ കബളിപ്പിക്കുന്ന മുഖ്യമന്ത്രിയെയാണ് കണ്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പോലീസ് പിന്‍ബലത്തോടെ ആചാര ലംഘനമാണ് സര്‍ക്കാര്‍ അന്ന് യുവതി പ്രവേശനത്തില്‍ നടത്തിയത്. ഇരുട്ടിന്റെ മറവിലാണ് ലംഘനം നടന്നത്. ഭൂരിപക്ഷ വര്‍ഗീയതയേയും ന്യൂനപക്ഷ വര്‍ഗീയതയെയും യുഡിഎഫ് ഒരേപോലെ എതിര്‍ക്കും. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലെ തോല്‍വി മുന്നില്‍ കണ്ടുള്ള വിഭ്രാന്തിയാണ് അയ്യപ്പ സംഗമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.