വാഷിംഗ്ടണ്‍: 50 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ചാന്ദ്ര ദൗത്യത്തിന് നാസ ഒരുങ്ങുന്നു. ആര്‍ട്ടിമിസ്-2 എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യം 2026 ഫെബ്രുവരിയില്‍ വിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്. ചന്ദ്രനില്‍ നേരിട്ടിറങ്ങാതെ, ചന്ദ്രനു ചുറ്റുമുള്ള സാഹചര്യം പഠിക്കുകയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. 10 ദിവസമാണ് ദൗത്യകാലാവധി.
റീഡ് വൈസ്മാന്‍, വിക്ടര്‍ ഗ്ലോവര്‍, ക്രിസ്റ്റീന കോച്ച്, ജെറമി ഹാന്‍സണ്‍ എന്നിവരാണ് ആര്‍ട്ടിമിസ്-2 ദൗത്യത്തിലെ യാത്രികര്‍. മൂന്ന് അമേരിക്കന്‍ ബഹിരാകാശ സഞ്ചാരികളും ഒരു കനേഡിയന്‍ ബഹിരാകാശ ഏജന്‍സിയില്‍ നിന്നുള്ള യാത്രികനുമാണ് സംഘത്തിലുള്ളത്. ചന്ദ്രനെ ചുറ്റി സഞ്ചരിച്ച് 10 ദിവസത്തിനുള്ളില്‍ ഇവര്‍ ഭൂമിയിലേക്ക് മടങ്ങിയെത്തും.
1972-ല്‍ നടന്ന അപ്പോളോ 17 ദൗത്യത്തിന് ശേഷം മനുഷ്യനെ വഹിച്ചുള്ള ചാന്ദ്ര ദൗത്യങ്ങള്‍ നാസ നടത്തിയിട്ടില്ല. ഈ ദൗത്യം വിജയകരമാവുകയാണെങ്കില്‍ 2027-ല്‍ മനുഷ്യരെ ചന്ദ്രനിലിറക്കുന്ന ആര്‍ട്ടിമിസ്-3 ദൗത്യത്തിന് ഇത് വഴിതുറക്കും. ചന്ദ്രനിലൂടെ സഞ്ചരിക്കാനുള്ള ലൂണാര്‍ ടെറെയ്ന്‍ വെഹിക്കിളിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും ഈ ദൗത്യം സഹായകമാകും. 2022-ല്‍ ആളില്ലാ ചാന്ദ്ര ദൗത്യമായ ആര്‍ട്ടിമിസ്-1 നാസ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.