മലപ്പുറം: മുഖ്യമന്ത്രി കപട ഭക്തിയിലൂടെ മുന്‍പ് ശബരിമലയില്‍ ചെയ്തതിന്റെ പ്രായശ്ചിത്തം ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ മാത്രം ശബരിമലയുടെ വികസനത്തെക്കുറിച്ച് ചിന്തിക്കുന്നത് സര്‍ക്കാരിന്റെ ‘മാസ്റ്റര്‍ പ്ലാന്‍’ ആണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുമായി സിപിഎമ്മിന് അവിശുദ്ധമായ ബാന്ധവമുണ്ടെന്നും, യോഗി ആദിത്യനാഥിന്റെ സന്ദേശമാണ് അതിന്റെ ഒടുവിലത്തെ ഉദാഹരണമെന്നും സതീശന് ചൂണ്ടിക്കാട്ടി. കേരളത്തിലെ ജനങ്ങള്‍ക്ക് ഇതൊക്കെ മനസ്സിലാക്കാനുള്ള സാമാന്യബുദ്ധിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോക്കല്‍ ബോഡികളെ ശ്വാസം മുട്ടിച്ചു കൊന്ന സര്‍ക്കാരാണ് ഇപ്പോള്‍ അവിടെനിന്ന് തന്നെ പണമെടുത്ത് വികസന സദസ്സുകള്‍ നടത്താന്‍ ശ്രമിക്കുന്നത്. ഇത് ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണെന്നും, മുഖ്യമന്ത്രി ജനങ്ങള്‍ക്ക് മുന്നില്‍ പരിഹാസപാത്രമായി മാറിയെന്നും സതീശന് പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ മതസംഘടനകളുടെ സംഗമങ്ങളിലാണ് മുഴുകിയിരിക്കുന്നതെന്നും, വെള്ളാപ്പള്ളി നടേശനെ കാറില്‍ കയറ്റിയതോടെ മുഖ്യമന്ത്രി നല്കുന്ന സന്ദേശം വ്യക്തമായെന്നും സതീശന് അഭിപ്രായപ്പെട്ടു. സിപിഐഎമ്മും ബിജെപിയും അയ്യപ്പ സംഗമം രണ്ടായി നടത്തേണ്ട സാഹചര്യമില്ലായിരുന്നുവെന്നും, ഒരുമിച്ച് ഇരുന്നാല്‍ മതിയായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളോട് യു.ഡി.എഫ്. എപ്പോഴും സഹകരിച്ചിട്ടുണ്ടെന്നും വി.ഡി. സതീശന് മലപ്പുറത്ത് പറഞ്ഞു.