വിമാനത്തിന്റെ വീല്‍ അറയില്‍ ഒളിച്ച് അദ്ഭുതയാത്ര; പതിമൂന്നുകാരനായ അഫ്ഗാന്‍ ബാലന്‍ ഡല്‍ഹിയിലെത്തി

Jaihind News Bureau
Tuesday, September 23, 2025

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ നിന്ന് വിമാനത്തിന്റെ വീല്‍ അറില്‍ ഒളിച്ച് 13 വയസ്സുകാരന്‍ ഡല്‍ഹിയിലെത്തി. അഫ്ഗാനിസ്ഥാന്‍ എയര്‍ലൈന്‍സായ കാം എയറിന്റെ വിമാനത്തിലാണ് അതിസാഹസികമായ ഈ യാത്ര നടത്തിയത്. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ബാലന്‍ സുരക്ഷിതനാണെന്ന് അധികൃതര്‍ അറിയിച്ചു.

ഇറാനിലേക്ക് പോകാന്‍ ഉദ്ദേശിച്ചാണ് കുട്ടി വിമാനത്തില്‍ കയറിയത്. എന്നാല്‍, വിമാനം മാറി കയറുകയായിരുന്നു. വിമാനം ലാന്‍ഡ് ചെയ്ത ശേഷം, അഫ്ഗാന്‍ കുര്‍ത്ത ധരിച്ച ബാലന്‍ വിമാനത്താവളത്തില്‍ പരുങ്ങിനടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കുട്ടിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കുട്ടിക്കെതിരെ കേസെടുത്തില്ല. തുടര്‍ന്ന്, അതേ വിമാനത്തില്‍ തന്നെ കുട്ടിയെ അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചയച്ചു.

വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറില്‍ ഒളിച്ച് യാത്ര ചെയ്യുന്നത് അതീവ അപകടകരമാണ്. 30,000 അടി ഉയരത്തില്‍ മൈനസ് 60 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില കുറയാം. ഇത് ഹൈപ്പോതെര്‍മിയക്ക് കാരണമാകാം. കൂടാതെ, ഓക്‌സിജന്റെ അളവ് കുറയുന്നതിനാല്‍ അബോധാവസ്ഥയും മരണവും സംഭവിക്കാം.

ഇന്ത്യയില്‍ ഇത്തരത്തിലുള്ള രണ്ടാമത്തെ സംഭവമാണിത്. 1996-ല്‍ പ്രദീപ് സൈനി, വിജയ് സൈനി എന്നീ സഹോദരന്‍മാര്‍ ഇതേപോലെ ബ്രിട്ടനിലേക്ക് യാത്ര ചെയ്തിരുന്നു. അതില്‍ പ്രദീപ് സൈനി രക്ഷപ്പെടുകയും വിജയ് സൈനി മരണപ്പെടുകയും ചെയ്തു.