ഇസ്രയേല്‍-പലസ്തീന് സംഘര്‍ഷത്തില്‍ ദ്വിരാഷ്ട്ര പരിഹാരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഫ്രാന്‍സ്. പലസ്തീനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുന്നതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഐക്യരാഷ്ട്രസഭയില്‍ നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കി. സമാധാനത്തിലും സുരക്ഷയിലും കൈകോര്‍ത്ത് നില്ക്കുന്ന രണ്ട് രാഷ്ട്രങ്ങളായി ഇസ്രയേലും പലസ്തീനും നിലകൊള്ളണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
നിലവില്‍ 150-ലധികം രാജ്യങ്ങളാണ് പലസ്തീന് രാഷ്ട്രത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുള്ളത്. ഫ്രാന്‍സിന്റെയും സൗദി അറേബ്യയുടെയും നേതൃത്വത്തില്‍ ഐക്യരാഷ്ട്രസഭയില്‍ നടന്ന ദ്വിരാഷ്ട്ര വാദത്തെ പിന്തുണച്ചുള്ള സമ്മേളനത്തില്‍ ജര്‍മ്മനി, ഇറ്റലി, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ പങ്കെടുത്തില്ല എന്നത് ശ്രദ്ധേയമാണ്.
നേരത്തെ, പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച രാജ്യങ്ങള്‍ക്ക് അമേരിക്കയില്‍ നിന്ന് മറുപടി നല്‍കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഭീഷണി മുഴക്കിയിരുന്നു. ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറ് ഒരു സ്വതന്ത്ര പലസ്തീന് രാഷ്ട്രം ഉണ്ടാകില്ലെന്നും, ജൂത സെറ്റില്‍മെന്റുകള്‍ വര്‍ദ്ധിപ്പിക്കുന്നത് തുടരുമെന്നും നെതന്യാഹു പ്രഖ്യാപിച്ചിരുന്നു. ഒക്ടോബര്‍ 7-ലെ ഭീകരാക്രമണത്തിന് സമ്മാനം നല്‍കുകയാണ് പലസ്തീനെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ ചെയ്യുന്നതെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയും വിവാദമായിരുന്നു.
അടുത്തിടെ ബ്രിട്ടന്, ഓസ്ട്രേലിയ, കാനഡ എന്നിവയും പലസ്തീന് രാഷ്ട്രപദവി നല്‍കിയിരുന്നു. ഐക്യരാഷ്ട്ര പൊതുസഭാ സമ്മേളനത്തിന് മുന്നോടിയായി ബ്രിട്ടന്, ബെല്‍ജിയം ഉള്‍പ്പെടെ പത്തോളം രാജ്യങ്ങള്‍ പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.