National Award Distribution| 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്; മലയാളത്തിന്റെ ‘മഹാനടന്‍’ ഫാല്‍ക്കെ പുരസ്‌കാരം ഏറ്റുവാങ്ങും

Jaihind News Bureau
Tuesday, September 23, 2025

 

71ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് വിതരണം ചെയ്യും. ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. ഈ വര്‍ഷം മലയാള സിനിമ അഞ്ച് പുരസ്‌കാരങ്ങളാണ് നേടിയത്.

സിനിമാ മേഖലയിലെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം മലയാളത്തിന്റെ മഹാ നടന്‍ മോഹന്‍ലാല്‍ രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങും. ഇത് മലയാളികള്‍ക്ക് അഭിമാന നിമിഷമാണ്.

അഞ്ച് പുരസ്‌കാരങ്ങള്‍ ആണ് ഇത്തവണ മലയാള സിനിമ സ്വന്തമാക്കിയത്. ‘പൂക്കാലം’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്‌കാരം വിജയരാഘവന്‍ നേടും. ‘ഉള്ളൊഴുക്ക്’ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്‌കാരം ഉര്‍വശിക്ക് ലഭിക്കും. ‘പൂക്കാലം’ സിനിമയുടെ എഡിറ്റിങ്ങിന് മിഥുന്‍ മുരളി മികച്ച എഡിറ്റര്‍ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങും. കൂടാതെ, നോണ്‍-ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച സിനിമയായി തിരഞ്ഞെടുത്ത ‘നെകല്‍’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ എം.കെ. രാംദാസും പുരസ്‌കാരം സ്വീകരിക്കും.

പുരസ്‌കാര വിതരണത്തിന് ശേഷം കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി അശ്വിനി വൈഷ്ണവ് ഒരുക്കുന്ന അത്താഴവിരുന്നിലും അവാര്‍ഡ് ജേതാക്കള്‍ പങ്കെടുക്കും.