ഇടുക്കി: പെരിയാര്‍ കടുവാ സങ്കേതത്തില്‍ നടന്ന ജൈവവൈവിധ്യ സര്‍വേയില്‍ 12 പുതിയ ജീവിവര്‍ഗങ്ങളെ കണ്ടെത്തി. സെപ്റ്റംബര്‍ 11 മുതല്‍ 14 വരെ നടത്തിയ സര്‍വേയിലാണ് പുതിയ കണ്ടെത്തലുകള്‍.
പുതുതായി രേഖപ്പെടുത്തിയ ജീവികളില്‍ 8 ഇനം ചിത്രശലഭങ്ങളും, 2 ഇനം തുമ്പികളും, 2 ഇനം പക്ഷികളും ഉള്‍പ്പെടുന്നു. നിത്യഹരിത വനങ്ങളും പുല്‍മേടുകളും നിറഞ്ഞ പെരിയാര്‍ കടുവാ സങ്കേതം ഇന്ത്യയിലെ പ്രധാന കടുവാ സംരക്ഷണ കേന്ദ്രങ്ങളില്‍ ഒന്നാണ്.
പെരിയാര്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്, പെരിയാര്‍ ടൈഗര്‍ റിസര്‍വ്, കേരള വനംവകുപ്പ്, ട്രാവന്‍കൂര്‍ നേച്ചര്‍ ഹിസ്റ്ററി സൊസൈറ്റി എന്നിവ സംയുക്തമായാണ് സര്‍വേ സംഘടിപ്പിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നൂറിലധികം വിദഗ്ധര്‍ സര്‍വേയില്‍ പങ്കെടുത്തു.