വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച H-1B വിസ അപേക്ഷാ ഫീസ് 100,000 യുഎസ് ഡോളര്‍ (ഏകദേശം 88 ലക്ഷം ഇന്ത്യന്‍ രൂപ) വര്‍ദ്ധനവ് പുതിയ അപേക്ഷകര്‍ക്ക് മാത്രമേ ബാധകമാകൂ എന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. സെപ്റ്റംബര്‍ 21-ന് മുമ്പ് സമര്‍പ്പിച്ച അപേക്ഷകള്‍ക്ക് ഇത് ബാധകമല്ല. ട്രംപിന്റെ H-1B പരിഷ്‌കരണ നീക്കം വിദേശ തൊഴിലാളികള്‍ക്കിടയില്‍, പ്രത്യേകിച്ച് ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കിടയില്‍, വലിയ ആശങ്കയും പരിഭ്രാന്തിയും സൃഷ്ടിച്ചിരുന്നു.
വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിന്‍ ലീവിറ്റ് ട്വിറ്ററിലൂടെയാണ് ഈ വിഷയത്തില്‍ വ്യക്തത വരുത്തിയത്. നിലവില്‍ H-1B വിസ ഉള്ളവരും യുഎസിന് പുറത്തുള്ളവരും വീണ്ടും പ്രവേശിക്കാന്‍ 100,000 ഡോളര്‍ നല്‍കേണ്ടതില്ലെന്ന് അവര്‍ അറിയിച്ചു. ‘ഇതൊരു വാര്‍ഷിക ഫീസല്ല. അപേക്ഷയ്ക്ക് മാത്രം ബാധകമായ ഒറ്റത്തവണ ഫീസാണിത്. H-1B വിസയുള്ളവര്‍ക്ക് സാധാരണയായി ചെയ്യുന്നതുപോലെ രാജ്യത്ത് നിന്ന് പുറത്തുപോകാനും വീണ്ടും പ്രവേശിക്കാനും കഴിയും; അവരുടെ യാത്രാ സ്വാതന്ത്ര്യത്തെ ഇന്നലത്തെ പ്രഖ്യാപനം ബാധിക്കില്ല,’ ലീവിറ്റ് ട്വീറ്റ് ചെയ്തു.
‘ഇത് പുതിയ വിസകള്‍ക്ക് മാത്രമേ ബാധകമാകൂ, പുതുക്കലുകള്‍ക്കോ നിലവിലെ വിസയുള്ളവര്‍ക്കോ അല്ല. അടുത്ത ലോട്ടറി സൈക്കിളില്‍ ഇത് ആദ്യമായി ബാധകമാകും,’ അവര്‍ കൂട്ടിച്ചേര്‍ത്തു. ‘Restriction on Entry of Certain Non-immigrant Workers’ എന്ന പേരില്‍ ട്രംപ് ഒപ്പുവച്ച ഉത്തരവിന് പിന്നാലെയാണ് ഈ വിശദീകരണം വന്നത്. സെപ്റ്റംബര്‍ 21 ഞായറാഴ്ച 12:01 AM-നോ അതിന് ശേഷമോ സമര്‍പ്പിക്കുന്ന പുതിയ അപേക്ഷകള്‍ക്ക് മാത്രമേ ഈ ഫീസ് ബാധകമാകൂ.