MALAPPURAM POLICE ATTACK| മലപ്പുറത്ത് കെപിസിസി അംഗം ശിവരാമനെ പൊലീസുദ്യോഗസ്ഥൻ അകാരണമായി മർദ്ദിച്ചെന്ന പരാതി: മനുഷ്യാവകാശ കമ്മീഷൻ വകുപ്പുതല നടപടിക്ക് ഉത്തരവിട്ടു

Jaihind News Bureau
Sunday, September 21, 2025

മലപ്പുറത്ത് കെപിസിസി അംഗം അഡ്വ ശിവരാമനെ പൊലീസുദ്യോഗസ്ഥൻ അകാരണമായി മർദ്ദിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ വകുപ്പുതല നടപടിക്ക് ഉത്തരവിട്ടു. അഞ്ചുവർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ മലപ്പുറം സ്റ്റേഷനിലെ
സി.പി.ഒ. ഹരിലാലിനെതിരെ വകുപ്പുതല അന്വേഷണം നടത്തി അച്ചടക്ക നടപടികൾ സ്വീകരിക്കാനാണ് കമ്മീഷൻ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയത്.

പോലീസ് സ്റ്റേഷനുള്ളിൽ നിരപരിധികൾക്ക് നേരിടേണ്ടിവരുന്ന ക്രൂരമർദ്ദനത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവരുന്നതിന് പിന്നാലെയാണ് പൊതുസ്ഥലത്തുവച്ചും സാധാരണക്കാർക്ക് നേരെയുള്ള പോലീസ് മർദനത്തിൻ്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുള്ളത്.
കോൺഗ്രസ് സമരത്തിനിടെ മലപ്പുറം കളക്ടറേറ്റിന് സമീപം കെ.എസ്.ആർ.ടി.സി. സ്റ്റാന്റിൽ നിൽക്കുമ്പോൾ, പോലീസുകാരൻ അകാരണമായി ലാത്തികൊണ്ട് ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ മലപ്പുറം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർക്കെതിരെ വകുപ്പുതല നടപടികൾ സ്വീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. സി.പി.ഒ. ഹരിലാലിനെതിരെ വകുപ്പുതല അന്വേഷണം നടത്തി അച്ചടക്ക നടപടികൾ സ്വീകരിക്കാനാണ് കമ്മീഷൻ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയത്.

കോൺഗ്രസ് നേതാവാണെങ്കിലും ഇടതുകൈവിരലുകൾ ഒടിഞ്ഞ് പ്ലാസ്റ്റർ ഇട്ട അവസ്ഥയിലായതിനാൽ പൊന്നാനി സ്വദേശി ശിവരാമൻ സമര സ്ഥലത്തു നിന്നും മാറിയാണ് നിന്നിരുന്നത്. 2020 സെപ്റ്റംബർ 19 ന് നടന്ന മർദ്ദനത്തിൻ്റെ ദൃശ്യങ്ങൾ സഹിതമാണ് ശിവരാമൻ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.  ഒരു വ്യക്തിക്കെതിരായ പോരാട്ടമല്ലെന്നും, നീതി നിഷേധിക്കപ്പെടുന്ന ഓരോരുത്തർക്കും വേണ്ടി നടത്തിയ പോരാട്ടമാണെന്നും, ഒടുവിൽ നീതി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും  ശിവരാമൻ പറഞ്ഞു.