രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി ആരോപണം കടുപ്പിച്ചതോടെ പ്രതിരോധത്തിലാവുകയാണ് കേന്ദ്രസര്‍ക്കാരും കമ്മിഷനും. കര്‍ണാടകയിലെ അലന്ദ് മണ്ഡലത്തില്‍ വോട്ടര്‍മാരെ ഒഴിവാക്കിയെന്ന രാഹുലിന്റെ ആരോപണത്തിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരിക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍.
2023ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അലന്ദ് മണ്ഡലത്തില്‍ വോട്ടര്‍പട്ടികയില്‍ നിന്ന് വന്‍തോതില്‍ വോട്ടര്‍മാരുടെ പേരുകള്‍ ഒഴിവാക്കിയെന്ന് രാഹുല്‍ ഗാന്ധി തെളിവുകള്‍ സഹിതം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ആരോപണം ഉയര്‍ന്നതോടെ ഇപ്പോള്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരിക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍. തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് വോട്ടര്‍മാരുടെ പേരുകള്‍ ഒഴിവാക്കിയെന്നും വോട്ടുകൊള്ള നടത്തുന്നവരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സഹായിക്കുകയാണ് എന്നുമുള്ള രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് അന്വേഷണ സംഘത്തെ രൂപീകരിച്ചിരിക്കുന്നത്. 256 പോളിങ് സ്റ്റേഷനുകളിലായി 6,670 വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതായി ആരോപിച്ചാണ് അലന്ദ് എംഎല്‍എ ബി ആര്‍ പാട്ടീല്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 6,018 വോട്ടര്‍മാരെ നീക്കം ചെയ്യുന്നതിനായി അപേക്ഷകള്‍ സമര്‍പ്പിച്ചിരുന്നതായും, അതില്‍ 24 എണ്ണം മാത്രമേ സാധുതയുള്ളതും നിയമപരമായി നടപടി സ്വീകരിച്ചിട്ടുള്ളതെന്നും സര്‍ക്കാര്‍ പുറത്തുവിട്ട ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. ബാക്കിയുള്ള 5,994 അപേക്ഷകള്‍ വോട്ടര്‍മാരുടെ അറിവില്ലാതെ, വ്യത്യസ്ത മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ച് സമര്‍പ്പിച്ചതാണെന്നും ആരോപണമുണ്ട്. ആരോപണങ്ങളുമായി ബന്ധപ്പെട്ട എല്ലാ കേസുകളുടെ ചുമതലയും പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയിരിക്കുകയാണ്.