ആഗോള അയ്യപ്പ സംഗമം ചീറ്റിപ്പോയെന്നും വിശ്വാസികള്‍ അതിനെ പരാജയപ്പെടുത്തിയെന്നും മുന്‍ കെപിസിസി അധ്യക്ഷന്‍ കെ മുരളീധരന്‍. അവിശ്വാസികള്‍ വിശ്വാസം നടിച്ചാല്‍ ദൈവം പോലും അതിനെ അംഗീകരിക്കില്ല എന്നതിന്റെ തെളിവായിരുന്നു സംഗമം എന്ന് അദ്ദേഹം പറഞ്ഞു. ശ്രീനാരായണ സമാധി ദിനാചരണ ഭാഗമായി തിരുവനന്തപുരം മ്യൂസിയത്തിന് സമീപത്തെ ശ്രീനാരായണ ഗുരുദേവ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നദ്ദേഹം.
അതേസമയം,അയ്യപ്പ സംഗമത്തില്‍ ആളുണ്ടായിരുന്നു എന്ന വിചിത്ര വാദവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ രംഗത്ത് എത്തിയിരുന്നു. ഒരു കൂട്ടം മാധ്യമങ്ങള്‍ സംഗമത്തിനെതിരെ പ്രവര്‍ത്തിച്ചു. പ്രചരിക്കുന്ന ഒഴിഞ്ഞ കസേരകളുടെ ദൃശ്യങ്ങള്‍ എഐ ദൃശ്യങ്ങള്‍ എന്നുമാണ് ഗോവിന്ദന്റെ വിചിത്ര വാദം. സര്‍ക്കാരിന്റെ ആഗോള അയ്യപ്പ സംഗമം ലോകപ്രശസ്ത വിജയമെന്ന് വീമ്പിളക്കാനും എം.വി ഗോവിന്ദന്‍ മറന്നില്ല. സംഗമം പരാജയമെന്ന് വരുത്തി തീര്‍ക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുകയാണെന്നും നാണവും മാനവുമില്ലാതെ കള്ളം പ്രചരിപ്പിക്കുകയാണ് മാധ്യമങ്ങളെന്നും അദ്ദേഹം രൂക്ഷഭാഷയില്‍ തട്ടിക്കയറി.