സംസ്ഥാനത്ത് ആശങ്കയായി മാറുകയാണ് അമീബിക് മസ്തിഷ്‌ക ജ്വരം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. ഇപ്പോഴും രോഗ ഉറവിടം കണ്ടെത്താനോ രോഗ വ്യാപനം തടയാനോ ആരോഗ്യവകുപ്പിന് കഴിഞ്ഞിട്ടില്ല. സര്‍ക്കാരിന്റെ വലിയ വീഴ്ചയാണ് ഇത് സൂചിപ്പിക്കുന്നത്. ചികിത്സയിലായിരുന്ന ഏഴ് പേര്‍ ഇതിനോടകം മരിച്ചു. അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച 9 പേരാണ് ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നത്. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവരാണ് ചികിത്സയിലുള്ളത്. ഇന്നലെ രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയായ 13 വയസുകാരന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് കൂടാതെ രാമനാട്ടുകര സ്വദേശി കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലും ചികിത്സയില്‍ കഴിയുന്നുണ്ട്. കഴിഞ്ഞ ദിവസം രോഗം ബാധിച്ച് മരിച്ച ചാവക്കാട് സ്വദേശിയുടെ രോഗ ഉറവിടം കണ്ടെത്താന്‍ ആരോഗ്യവകുപ്പ് കിണഞ്ഞ് പരിശ്രമിക്കുകയാണ്.
അമീബിക് മസ്തിഷ്‌ക ജ്വരം എന്താണ്?
അമീബ എന്ന ഏകകോശ ജീവികള്‍ ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു മാരകമായ അസുഖമാണ് അമീബിക് മസ്തിഷ്‌ക ജ്വരം. ഇത് സാധാരണയായി നാഡി വ്യവസ്ഥയെയും, തലച്ചോറിനെയും ബാധിക്കുന്നു. നാഡി വ്യവസ്ഥയില്‍ അണുബാധയുണ്ടാകുമ്പോള്‍ തലച്ചോറിന് നീര്‍ക്കെട്ടുണ്ടായി കോശങ്ങള്‍ നശിക്കാന്‍ തുടങ്ങുന്നു. ചികിത്സ വൈകിയാല്‍ മരണം വരെ സംഭവിക്കാം.
ഈ രോഗം ബാധിച്ച ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് നേരിട്ട് പകരുന്നില്ല.
ഈ രോഗത്തിന് പ്രത്യേക ചികിത്സ ലഭ്യമല്ല. എങ്കിലും അമീബയെ നശിപ്പിക്കുന്ന ചില മരുന്നുകള്‍ ഉപയോഗിച്ച് ചികിത്സ നടത്താറുണ്ട്.
രോഗം എങ്ങനെയാണ് പകരുന്നത്?
ശുദ്ധീകരിക്കാത്ത വെള്ളത്തിലൂടെയാണ് സാധാരണയായി ഈ രോഗം പകരുന്നത്. നീന്തല്‍ കുളങ്ങള്‍, കുളങ്ങള്‍, നദികള്‍, തടാകങ്ങള്‍ എന്നിവിടങ്ങളിലെ മലിനമായ വെള്ളത്തില്‍ നിന്നും അമീബ ശരീരത്തില്‍ പ്രവേശിക്കാം. മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്ന അമീബ തലച്ചോറിലെത്തി രോഗം ഉണ്ടാക്കുന്നു.