Dadasaheb Phalke Award| മോഹന്‍ലാലിന് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം 2023; മലയാളത്തിന്റെ ‘ലാലിസ’ത്തിന് ദേശീയ അംഗീകാരം

Jaihind News Bureau
Saturday, September 20, 2025

ന്യൂഡല്‍ഹി: ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനകളെ മാനിച്ച് 2023-ലെ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് . ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് സെലക്ഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം ആണ് ഈ പ്രഖ്യാപനം. ഇന്ത്യന്‍ സിനിമയ്ക്ക് വിവിധ മേഖലകളില്‍ മോഹന്‍ലാല്‍ നല്‍കിയ അതുല്യമായ സംഭാവനകളെ കണക്കിലെടുത്താണ് ഈ പരമോന്നത ബഹുമതി. മലയാളത്തില്‍ നിന്ന് ഫാല്‍കേ പുരസ്‌ക്കാരം ലഭിക്കുന്ന രണ്ടാമത്തെ വ്യക്തിത്വമാണ് മോഹന്‍ലാല്‍. 2004ല്‍ വിശ്രുത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനാണ് ഈ പുരസ്്ക്കാരം ലഭിച്ചത്

പ്രചോദനമായി മോഹന്‍ലാലിന്റെ സിനിമാ യാത്ര

മോഹന്‍ലാലിന്റെ സിനിമാ ജീവിതം തലമുറകള്‍ക്ക് പ്രചോദനമാണെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ‘ലെജന്‍ഡറി ആക്ടര്‍, ഡയറക്ടര്‍, പ്രൊഡ്യൂസര്‍’ എന്നീ നിലകളില്‍ ഇന്ത്യന്‍ സിനിമയ്ക്ക് അദ്ദേഹം നല്‍കിയ ഐതിഹാസികമായ സംഭാവനകളെ മാനിച്ച് ഈ ഇതിഹാസ താരത്തെ ആദരിക്കുന്നു എന്ന് പ്രസ്താവനയില്‍ പറയുന്നു. അദ്ദേഹത്തിന്റെ ‘അതുല്യമായ പ്രതിഭയും, വൈവിധ്യവും, നിരന്തരമായ കഠിനാധ്വാനവും ഇന്ത്യന്‍ ചലച്ചിത്ര ചരിത്രത്തില്‍ ഒരു സുവര്‍ണ്ണ നിലവാരം സ്ഥാപിച്ചിട്ടുണ്ട്’ എന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.

പുരസ്‌കാര സമര്‍പ്പണം ചൊവ്വാഴ്ച

പുരസ്‌കാരം 2025 സെപ്റ്റംബര്‍ 23-ന് നടക്കുന്ന 71-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ വെച്ച് സമ്മാനിക്കും. ഈ പ്രഖ്യാപനം മലയാളികള്‍ക്കും ഇന്ത്യന്‍ സിനിമാ ലോകത്തിനും വലിയ സന്തോഷവും അഭിമാനവും നല്‍കുന്ന ഒന്നാണ്.

മോഹന്‍ലാല്‍: ഒരു ദശാബ്ദത്തിന്റെ അടയാളം

1978-ല്‍ ‘തിരനോട്ടം’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച മോഹന്‍ലാല്‍, 1980-ല്‍ ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. പിന്നീട് നാല് പതിറ്റാണ്ടിലേറെയായി മലയാള സിനിമയുടെ മുഖമുദ്രയായി അദ്ദേഹം മാറി. സ്വാഭാവിക അഭിനയ ശൈലിയും കഥാപാത്രങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള കഴിവും അദ്ദേഹത്തെ ജനപ്രിയനാക്കി. കോമഡി, ആക്ഷന്‍, റൊമാന്‍സ്, ഗൗരവമേറിയ വേഷങ്ങള്‍ എന്നിങ്ങനെ ഏത് കഥാപാത്രത്തെയും അനായാസം കൈകാര്യം ചെയ്യുന്ന അദ്ദേഹത്തിന്റെ കഴിവ് ഇന്ത്യന്‍ സിനിമയില്‍ തന്നെ വിരളമാണ്.

നാല് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ (രണ്ട് മികച്ച നടന്‍, ഒന്ന് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്, ഒന്ന് നിര്‍മ്മാതാവ് എന്ന നിലയില്‍), ഒമ്പത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍, ഫിലിംഫെയര്‍ അവാര്‍ഡുകള്‍ തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ മോഹന്‍ലാല്‍ ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. ഭാരത സര്‍ക്കാരിന്റെ പത്മശ്രീ (2001), പത്മഭൂഷണ്‍ (2019) ബഹുമതികളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിക്കുന്നതോടെ, അടൂര്‍ ഗോപാലകൃഷ്ണനു ശേഷം ഈ പുരസ്‌കാരം നേടുന്ന രണ്ടാമത്തെ മലയാളിയും ആദ്യത്തെ മലയാള നടനുമായി മോഹന്‍ലാല്‍ മാറി. ഇത് മലയാള സിനിമയുടെ ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെടേണ്ട ഒന്നാണ്.

മോഹന്‍ലാലിന് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ച വാര്‍ത്ത ഇന്ത്യന്‍ ചലച്ചിത്ര ലോകം വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തത്. സഹപ്രവര്‍ത്തകരും സിനിമാ പ്രേമികളും രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍ നേര്‍ന്നു. ഈ പുരസ്‌കാരം അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നായി അടയാളപ്പെടുത്തപ്പെടും.