PINARAYI-VELLAPALLY|അന്ന് മുഖ്യമന്ത്രിക്ക് വെള്ളാപ്പള്ളി ആര്‍എസ്എസുകാരന്‍; ഇന്ന് സ്റ്റേറ്റ് കാറില്‍ ഒപ്പമെത്താന്‍ യോഗ്യന്‍; പരസ്പരം പുകഴ്ത്തലുകളില്‍ നിറയുമ്പോള്‍ പിണറായിയുടെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി ചര്‍ച്ച

Jaihind News Bureau
Saturday, September 20, 2025

പമ്പയില്‍ നടന്ന ആഗോള അയ്യപ്പ സംഗമത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഒന്നാം നമ്പര്‍ സ്റ്റേറ്റ് കാറിലെത്തിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. അങ്ങനെ ഒപ്പമുള്ള വരവ് കൊണ്ടുതന്നെ മുഖ്യമന്ത്രിയെ പ്രശംസിച്ചു കൊണ്ട് വെള്ളാപ്പളളി പ്രസ്താവനകള്‍ നടത്തുമെന്നും ഉറപ്പായിരുന്നു. പ്രതീക്ഷകള്‍ തെറ്റിയില്ല. അടുത്ത തവണ പിണറായി തന്നെ മുഖ്യമന്ത്രി ആകണമെന്നും അതിനുള്ള ലീഡര്‍ഷിപ്പ് ക്വാളിറ്റി ഇടതുപക്ഷത്ത് നിന്ന് പിണറായിക്ക് മാത്രമെ ഉളളൂവെന്നുമാണ് വെള്ളാപ്പള്ളിയുടെ അഭിപ്രായം. എന്നാല്‍, വര്‍ഷങ്ങള്‍ക്കു മുമ്പ് പിണറായി വെള്ളാപ്പള്ളിക്കെതിരെ നടത്തിയ പരാമര്‍ഷമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ആര്‍ എസ് എസിന്റെ നാവുകടമെടുത്ത് വെള്ളാപ്പള്ളി നടേശന്‍ സഖാവ് വി എസ് അച്യുതാനന്ദനെയും മറ്റു നേതാക്കളെയും അവഹേളിക്കുന്നത് അവസാനിപ്പിക്കണമെന്നായിരുന്നു അന്നത്തെ പോസ്റ്റിന്റെ തുടക്കം.

സമാനമായി ഇതിനു മുമ്പും പിണറായിയെ പുകഴ്ത്തി കൊണ്ടുള്ള പ്രസ്താവനകള്‍ വെള്ളാപ്പള്ളി നടത്തിയിട്ടുണ്ട്. ഇരുവരും ഒപ്പമുള്ള വേദികളില്‍ പിണറായിയെ പുകഴ്ത്താന്‍ മാത്രം എഴുതി തയാറാക്കിയ പ്രസംഗങ്ങള്‍ വെള്ളാപ്പള്ളി കൊണ്ടുവരാറുണ്ട്. ഭരണതുടര്‍ച്ചയ്ക്കുള്ള രാഷ്ട്രീയ അന്തരീക്ഷങ്ങളാണ് കാണുന്നതെന്നും പിണറായിയ്ക്ക് മാത്രമെ മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ളൂവെന്നും തുടങ്ങി സ്ഥിരം പല്ലവികളാണ് എന്നും പറയാറ്. വെള്ളാപ്പള്ളിയുടെ ഇത്തരം പ്രസ്താവനകളില്‍ ഊറ്റം കൊളളുന്ന പിണറായിയെയും പലപ്പോഴും കണ്ടിട്ടുണ്ട്. അത്തരമൊരു അവസരത്തിന് പിണറായി വീണ്ടും അയ്യപ്പസംഗമത്തിന് ഒപ്പമെത്തി അവസരമുണ്ടാക്കി കൊടുക്കുകയായിരുന്നു. ഈ അവസരത്തില്‍ പണ്ട് വെള്ളാപ്പള്ളിക്കെതിരെ പിണറായി നടത്തിയ പ്രസ്താവനകളും ചര്‍ച്ചയില്‍ ഇടം പിടിക്കുന്നുണ്ട്.

ആര്‍ എസ് എസിന്റെ നാവുകടമെടുത്ത് വെള്ളാപ്പള്ളി നടേശന്‍ സഖാവ് വി എസ് അച്യുതാനന്ദനെയും മറ്റു നേതാക്കളെയും അവഹേളിക്കുന്നത് അവസാനിപ്പിക്കണം.  ആര്‍ എസ് എസ് ബന്ധം അദ്ദേഹത്തിന്റെ അഹംഭാവം എത്രമാത്രം ഹീനമായ തലത്തില്‍ എത്തിക്കുന്നു എന്നാണ് മുതിര്‍ന്ന നേതാക്കളെ തുടര്‍ച്ചയായി അവഹേളിക്കുന്നതിലൂടെ കാണാനാകുന്നത്. ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനത്തെ ഒരിക്കലും ഉള്‍ക്കൊള്ളുന്നതല്ല ആര്‍ എസ് എസ് രാഷ്ട്രീയം . അത് തിരിച്ചറിയുന്ന ജനങ്ങളെ ഇത്തരം അഭ്യാസം കൊണ്ട് വഴിതെറ്റിക്കാനാവില്ല. വര്‍ഗീയതയുടെ വഴിയിലേക്ക് നയിക്കാന്‍ ആര് ശ്രമിച്ചപ്പോഴും ചെറുത്തു നിന്ന പാരമ്പര്യമാണ് ശ്രീനാരായണീയരുടേത്. ‘മതമെന്നാല്‍ അഭിപ്രായം, അതേതായാലും മനുഷ്യന് ഒരുമിച്ചു കഴിഞ്ഞുകൂടാം.’എന്ന ശ്രീനാരായണ വാക്യം നെഞ്ചില്‍ കൊണ്ട് നടക്കുന്ന ഒരു ജനതയെ, മാട്ടിറച്ചി ഭക്ഷിച്ചു എന്ന് ആരോപിച്ചു മനുഷ്യനെ തല്ലിക്കൊല്ലുന്ന വര്‍ഗീയ ഭ്രാന്തിന്റെ അവസ്ഥയിലേക്ക് വലിച്ചു കൊണ്ടുപോകാനുള്ള ഒരു നീക്കവും കേരളത്തില്‍ വിജയിക്കില്ല.

ഇതായിരുന്നു അന്നത്തെ വെള്ളാപ്പള്ളിയെ കുറിച്ചുള്ള പിണറായിയുടെ അഭിപ്രായം. എന്നാല്‍, ഇപ്പോള്‍ അതല്ല കഥ. മുഖ്യമന്ത്രിയുടെ ഏറ്റവും പ്രിയപ്പെട്ടവനായി വെള്ളാപ്പള്ളി മാറുകയാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ആഗോള അയ്യപ്പ സംഗമത്തില്‍ വെള്ളാപ്പള്ളിയ്ക്ക് ഒപ്പമെത്തിയത്. എന്തായാലും ഈ അവസരത്തില്‍ അന്നത്തെ പിണറായി നിലപാട് കൂടി ചൂടുള്ള ചര്‍ച്ചകളില്‍ നിറയുകയാണ്.