Rajmohan Unnithan| സി.പി.എം- ബി.ജെ.പി ബന്ധം തെളിഞ്ഞു; ആഗോള അയ്യപ്പ സംഗമം തട്ടിപ്പ്: രാജ്മോഹന്‍ ഉണ്ണിത്താന്‍

Jaihind News Bureau
Saturday, September 20, 2025

കാസര്‍കോട്: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കത്ത് പുറത്തുവന്നതോടെ സി.പി.എം- ബി.ജെ.പി ബന്ധം കൂടുതല്‍ വ്യക്തമായെന്ന് കാസര്‍കോട് എം.പി. രാജ്മോഹന്‍ ഉണ്ണിത്താന്‍. യോഗി ആദിത്യനാഥ് പിന്തുടരുന്ന അതേ പാത തന്നെയാണ് കേരള സര്‍ക്കാരും ഇപ്പോള്‍ പിന്തുടരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം ഒരു ‘ശുദ്ധ തട്ടിപ്പാണെ’ന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ടുള്ള ഒരു നീക്കം മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. ‘ഭഗവാന് എന്തിനാണ് പാറാവ്?’ എന്ന് മുന്‍പ് ഇ.കെ. നായനാര്‍ ചോദിച്ചിരുന്നെങ്കില്‍, ഇന്ന് അയ്യപ്പന് പാറാവ് നില്‍ക്കേണ്ട അവസ്ഥയാണ് സര്‍ക്കാരുണ്ടാക്കിയിരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

ആഗോള അയ്യപ്പ സംഗമത്തില്‍ എന്‍.എസ്.എസ്. പങ്കെടുക്കുന്നത് സര്‍ക്കാരിന്റെ ഗൂഢലക്ഷ്യം മനസ്സിലാക്കാതെയാണെന്നും ഉണ്ണിത്താന്‍ പറഞ്ഞു. സര്‍ക്കാരിന്റെ തട്ടിപ്പ് വ്യക്തമാവുന്നതോടെ എന്‍.എസ്.എസ്. തങ്ങളുടെ നിലപാട് മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.