പമ്പ: അയ്യപ്പസംഗമവേദിയില്‍ പ്രസംഗിക്കാന്‍ അവസരം വൈകിയതില്‍ പ്രതിഷേധിച്ച് തമിഴ്നാട് ഐ.ടി. മന്ത്രി പളനിവേല്‍ ത്യാഗരാജന് വേദി വിട്ടു. മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രി വി.എന്‍. വാസവന്റെയും പ്രസംഗത്തിനു ശേഷം തമിഴ്നാട് മന്ത്രി പി.കെ. ശേഖര്‍ബാബു പ്രസംഗിച്ചു. അതിനുശേഷം എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പ്രസംഗിക്കാനായി ക്ഷണിച്ചതാണ് പളനിവേല്‍ ത്യാഗരാജനെ പ്രകോപിപ്പിച്ചത്.
തന്റെ ഊഴം വൈകിയതിലുള്ള അതൃപ്തി അദ്ദേഹം അധികാരികളെ അറിയിച്ചു. തുടര്‍ന്ന്, അധികൃതര്‍ അദ്ദേഹത്തെ അനുനയിപ്പിക്കുകയും പ്രസംഗിക്കാന്‍ അവസരം നല്‍കുകയും ചെയ്തു. പ്രസംഗം കഴിഞ്ഞ ഉടന്‍ തന്നെ അദ്ദേഹം വേദി വിടുകയായിരുന്നു. ശബരിമല ദര്‍ശനത്തിനായി ഉച്ചയ്ക്ക് മുന്‍പ് എത്തേണ്ടതിന്റെ പ്രാധാന്യമാണ് താന്‍ ചൂണ്ടിക്കാട്ടിയതെന്നാണ് മന്ത്രിയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്.