V D SATHEESAN| ആഗോള അയ്യപ്പ സംഗമം: മുഖ്യമന്ത്രിയുടെ അയ്യപ്പഭക്തി കപടം; ജനങ്ങളെ കബളിപ്പിക്കാനുള്ള മാസ്റ്റര്‍പ്ലാനെന്നും വി ഡി സതീശന്‍

Jaihind News Bureau
Saturday, September 20, 2025

എറണാകുളം: അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം കപട ഭക്തന്റേതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടുകൊണ്ടുള്ള വെറും രാഷ്ട്രീയ തട്ടിപ്പാണ് മുഖ്യമന്ത്രിയുടേതെന്നും വി ഡി സതീശന്‍ എറണാകുളത്ത് മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ഒമ്പതര വര്‍ഷമായി ശബരിമലയില്‍ യാതൊരു വികസന പ്രവര്‍ത്തനങ്ങളും നടത്താത്ത സര്‍ക്കാര്‍ ഇപ്പോള്‍ പുതിയ മാസ്റ്റര്‍ പ്ലാനുമായി ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും സര്‍ക്കാരിന് ഉത്തരമില്ല. പിണറായി സര്‍ക്കാര്‍ ശബരിമലയില്‍ എന്തു ചെയ്തുവെന്ന് അയ്യപ്പഭക്തര്‍ക്കും വിശ്വാസികള്‍ക്കും നന്നായി അറിയാം. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മാത്രമുള്ള ഈ ‘അയ്യപ്പഭക്തി’ വര്‍ഗീയവാദികള്‍ക്ക് ഇടം നല്‍കാനുള്ള സര്‍ക്കാരിന്റെ ശ്രമമാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.